സ്പെഷ്യല്‍ ഇക്കണോമിക് സോണുകള്‍(സെസ്) കേരളത്തില്‍ അനുവദിക്കുന്നതിനുള്ള നടപടിക്രമങ്ങള്‍ പൂത്തീകരിച്ചു വരികയാണ്. പ്രത്യേക സാമ്പത്തിക മേഖലകള്‍ അനുവദിച്ച് വന്‍ കിട, ബഹുരാഷ്ട്ര കമ്പനികള്‍ക്ക് വ്യാപാരം അഥവാ വ്യവസായം നടത്തുന്നതിനുള്ള സൗകര്യം ഒരുക്കി ക്കൊടുക്കുകയാണ് സെസ്സ് നിയമത്തിന്റെ ഉദ്ദേശ്യം.2005 ല്‍ നിയമം നിലവില്‍ വരുമ്പോള്‍ തന്നെ പലവിധത്തിലുള്ള എതിര്‍പ്പുകളും ഉണ്ടായിരുന്നുവെങ്കിലും സര്‍ക്കാര്‍, സെസ്സ് നിയമവും, പ്രത്യേക സാമ്പത്തിക മേഖലകളുമായി മുന്നോട്ട് പോവുകയായിരുന്നു. ഇപ്പോള്‍ കേരളത്തില്‍ നടപ്പാക്കണോ വേണ്ടയോ എന്ന തര്‍ക്കത്തിലിരിക്കുന്ന ഈ നിയമം കേന്ദ്രസര്‍ക്കാര്‍ പാസ്സാക്കിയിട്ട് മൂന്നു വര്‍ഷം കഴിഞ്ഞിരിക്കുന്നു എന്നര്‍ത്ഥം. അന്ന് ഈ നിയമത്തെ അനുകൂലിച്ച് നിലകൊണ്ട കക്ഷികളാണ് കേരളം ഭരിക്കുന്നത് എന്നത് കൊണ്ട് സെസ്സ് ഇവിടെ നടപ്പാകുമെന്ന കാര്യത്തില്‍ തര്‍ക്കമൊന്നുമില്ല.
എന്നാല്‍ സെസ്സ് നിയമം കേരളം പോലെയുള്ള ചെറിയ സംസ്ഥാനങ്ങളില്‍, അതായത് താരതമ്യേന ചെറുതായ ഭൂപ്രദേശങ്ങളുള്ള സംസ്ഥാനങ്ങളില്‍ അയല്‍ സംസ്ഥാനങ്ങളുടെ അനുമതിയോ പിന്തുണയോ കൂടാതെ നടപ്പാക്കുമ്പോള്‍ ഉണ്ടാകാവുന്ന സാമൂഹിക, സാമ്പത്തിക,പാരിസ്ഥിതിക പ്രശ്നങ്ങള്‍ പഠിക്കാതെയും സെസ്സ് നിയമം നടപ്പാക്കുന്നത് മൂലമുണ്ടാകാവുന്ന, ഒരു പ്രദേശത്തിന്റെ, ഭരണ നിയന്ത്രണമില്ലാത്ത അവസ്ഥ മനസ്സിലാക്കാതെയുമാണ് സര്‍ക്കാര്‍ മുന്നോട്ട് പോകുന്നതെന്ന് പറയാം.
തൊഴില്‍ നിയമങ്ങളും, ഇന്ത്യന്‍ ശിക്ഷാനിയമവും, പോലീസ് നിയമവും,നികുതി നിയമങ്ങളും പോലെ ഇന്ത്യയിലെ സുപ്രധാന നിയമങ്ങള്‍ പലതും ബാധകമല്ലാത്ത ചില പോക്കറ്റുകളാണ് സെസ്സ് നിയമപ്രകാരം സൃഷ്ടിക്കപ്പെടുവാന്‍ പോകുന്നത്. ഈ പോക്കറ്റ് പ്രദേശങ്ങളാവട്ടെ ഇവിടെ മുതല്‍ മുടക്കുന്ന കമ്പനിയുടെ സ്വതന്ത്ര ഭരണചുമതലയിലുമായിരിക്കും. അതായത് ഏതാണ്ട് നാലു ശതാബ്ദങ്ങള്‍ക്ക് മുന്‍പ് ഇംഗ്ലീഷ് ഈസ്റ്റ് ഇന്ത്യാകമ്പനി എങ്ങനെ നമ്മുടെ നാട്ടില്‍ ചുവടുറപ്പിച്ചുവോ അതേ പോലെ തന്നെ യുള്ള ചില സ്വതന്ത്ര മേഖലകള്‍ സര്‍ക്കാര്‍ അനുമതിയോടെ നമ്മുടെ നാട്ടില്‍ നിലവില്‍ വരും.
സ്പെഷ്യല്‍ ഇക്കണോമിക് സോണ്‍ ആക്റ്റ് 2005 എന്ന നിയമപ്രകാരമാണ് ഇന്ത്യയില്‍ പ്രത്യേക സാമ്പത്തിക മേഖലകള്‍ അനുവദിക്കുന്നത്. ഇതിനു മുന്‍പ് വാജ് പേയി സര്‍ക്കാരിന്റെ കാലത്ത് സര്‍ക്കാര്‍ പ്രത്യേക സാമ്പത്തിക മേഖലകള്‍ അനുവദിക്കുന്നതിനുള്ള നയരൂപീകരണം 2000 ത്തില്‍ എടുത്തിരുന്നു. മന്മോഹന്‍ സിംഗ് മന്ത്രിസഭയാണ് നിയമം കൊണ്ടു വന്നത്. രാജ്യത്തെ പ്രമുഖ രാഷ്ട്രീയ കക്ഷികളെല്ലാം ഏതെങ്കിലും ഒരു സമയത്ത് പ്രത്യേക സാമ്പത്തിക മേഖലയെ അനുകൂലിച്ചിരുന്നു. സാമ്പത്തിക ശക്തികളുടെ പിന്‍ബലവും കൂടിയായപ്പോള്‍ മാധ്യമങ്ങളും സെസ്സിനു അനുകൂലമായി. ഫലത്തില്‍ നിയമത്തിന്റെ ദൂഷ്യങ്ങളോ വിപരീത ഫലങ്ങളോ ചര്‍ച്ച ചെയ്യുവാന്‍ പോലും ആരും തയ്യാറായിട്ടില്ല. ബഹുരാഷ്ട്ര കുത്തകകളാവട്ടെ അവസരം മുതലെടുത്ത് മേഖലകള്‍ സ്വന്തമാക്കുന്നതിനുള്ള ശ്രമങ്ങള്‍ ശക്തിപ്പെടുത്തുകയും ചെയ്തു. നന്ദിഗ്രാമില്‍ നടന്ന അതിക്രമ സംഭവങ്ങളുടെ മൂല കാരണം ഈ നിയമം തന്നെയെന്ന് എത്ര പേര്‍ക്കറിയാം? ചെറുത്തു നില്‍പുകള്‍ പോലും തമസ്കരിക്കപ്പെടുകയും ദുര്‍വ്യാഖ്യാനം ചെയ്യുകയും ചെയ്യുന്ന ശക്തമായ ഒരു ഭരണകൂട-ഉന്നത സാമ്പത്തിക ചേരി നിയമത്തെ സംരക്ഷിക്കുന്നുണ്ട്.
അതെന്തെങ്കിലുമാകട്ടെ, ചില സ്ഥലങ്ങളില്‍ തൊഴിലാളികള്‍ക്ക് ഉള്ള സംരക്ഷണ നിലവാരം നിരീക്ഷിക്കുമ്പോള്‍ നിയമം നടപ്പില്‍ വരുന്നതും ഇല്ലാത്തതും തമ്മില്‍ വലിയ അന്തരമൊന്നുമില്ല. എന്നാല്‍ കേരളം പോലെയുള്ള ചെറിയ സംസ്ഥാനങ്ങളില്‍ അതല്ല സ്ഥിതി. കേരളത്തിന്റെ ആകെയുള്ള വിസ് തൃതിയുടെ എത്രശതമാനം ഭൂഭാഗം വരെ ഇപ്രകാരം സാമ്പത്തിക മേഖല അനുവദിക്കാമെന്ന് തീരുമാനിച്ചു വയ്ക്കാത്തിടത്തോളം കാലം നമ്മുടെ കൊച്ചു കേരളം പൂര്‍ണ്ണമായും പല ബഹുരാഷ്ട്ര കമ്പനികളുടെ നിയന്ത്രണത്തിലേക്ക് മാറുവാന്‍ അധികകാലം വേണ്ടി വരില്ല.
കൂടാതെ കേരളത്തെ സംബന്ധിച്ചിടത്തോളം ഇന്ന് തൊഴിലാളികള്‍ തൊഴില്‍ സംരക്ഷണത്തിന്റെ ഇരകളാണ്. അവര്‍ കൂടുതല്‍ അവകാശ ബോധമുള്ളവരായി തീര്‍ന്നിട്ടുണ്ട്. പ്രത്യേക സാമ്പത്തിക മേഖലകളില്‍ ഇത്തരം തൊഴിലാളികളെ വന്‍ കിട കമ്പനികള്‍ കയറ്റുമോ എന്നത് കണ്ടറിയണം. വൈറ്റ് കോളര്‍ സംവിധാനം പരിശീലിപ്പിക്കുന്ന സ്വയം ഭരണ മേഖലകള്‍ കേരളത്തിലെ കാര്‍ഷികമേഖലയെ അപ്പാടെ കാര്‍ന്നു തിന്നുമെന്ന കാര്യത്തില്‍ യാതൊരു സംശയവുമില്ല.
അങ്ങനെയുള്ള ഒരു ചൂഷക സമൂഹത്തിനാണ് നികുതിയിളവുകളും, ശിക്ഷാനിയമത്തിലെ ഇളവുകളും അനുവദിക്കുവാന്‍ പോകുന്നത് എന്നു മനസ്സിലാക്കുമ്പോള്‍ ദൂരവ്യാപകമായി ഇതുണ്ടാക്കാവുന്ന പ്രശ്നങ്ങളെപ്പറ്റി നമ്മള്‍ ഒന്നു ചിന്തിക്കേണ്ടതല്ലേ? കോട്ടയം ജില്ലയില്‍ ഒരു പ്രത്യേക സാമ്പത്തിക മേഖല വന്നു എന്നിരിക്കട്ടെ, ഈ ഭൂഭാഗത്തെ കുറ്റകൃത്യങ്ങളെ മറ്റു ഭാഗത്തുള്ള കുറ്റകൃത്യങ്ങളെ പോലെ തന്നെ പരിഗണിക്കുന്നില്ല എന്നു കരുതുക. സാമൂഹിക വിരുദ്ധപ്രവൃത്തികള്‍ക്കുള്ള പ്രവണതയുടെ ഗ്രാഫ് ഇവിടെ മേല്‍പ്പോട്ട് ഉയരുമെന്നുള്ള കാര്യം നിസ്സംശയം പറയാം. നികുതി വെട്ടിപ്പുകള്‍, സ്വജനപക്ഷപാതം, എന്നിവ വളര്‍ന്ന് ഇരുവിഭാഗം പൗരന്മാരെ സൃഷ്ടിക്കുമെന്നുമുറപ്പാണ്. താരതമ്യേന ചെറിയ സംസ്ഥാനങ്ങളില്‍ ജനങ്ങള്‍ക്ക് ഈ വേര്‍തിരിവ് വളരെ പെട്ടെന്ന് ബോധ്യപ്പെടുകയും അത് ക്രമേണ മറ്റു ഭാഗങ്ങളിലെ അരാജകത്വത്തിനു വഴി തെളിച്ചുവെന്നും വരാം.
ഇപ്പോള്‍ തന്നെ വന്‍ കിട സോഫ്റ്റ് വെയര്‍ കമ്പനികളില്‍ നടക്കുന്ന തൊഴില്‍ ചൂഷണങ്ങള്‍ക്ക് നേരെ ഒന്നും പ്രതികരിക്കുവാനാവാതെ ആയിട്ടുണ്ട് നമ്മുടെ നാട്ടില്‍. ഇനി പ്രത്യേക സാമ്പത്തിക മേഖലകള്‍ വരുമ്പോള്‍ കൂടുതല്‍ പിടിമുറുക്കപ്പെടുന്ന വിഭാഗത്തിലായിരിക്കും ഇവിടുത്തെ ജോലിക്കാര്‍. 'നോട്ടിഫൈഡ് ഒഫന്‍സ്' എന്നു വിവക്ഷിച്ച് പ്രത്യേക പരിഗണന നല്‍കുന്ന ഇന്ത്യന്‍ ശിക്ഷാനിയമത്തിലെ വകുപ്പുകള്‍ അന്വേഷിക്കുന്നതിനു പ്രത്യേക ഏജന്‍സിയെ നിയമിച്ച് ആയതിനു പ്രത്യേക അനുമതി തേടുന്നതിനു വരെ വകുപ്പുകള്‍ ഉള്ള സെസ്സ് നിയമത്തിനു കീഴില്‍ തൊഴിലാളികളെ തൊഴിലുടമകളുടെ ഗുണ്ടകള്‍ ഏതു വിധത്തില്‍ വക വരുത്തിയാലും കുഴപ്പമില്ല എന്നൊരു വലിയ അപകടം പതിയിരിക്കുന്നത് ഇപ്പോഴത്തെ സര്‍ക്കാരുകള്‍ കാണുന്നേയില്ല. സര്‍ക്കാര്‍ ഏതെങ്കിലും അന്വേഷണത്തിനുത്തരവു നല്‍കുമ്പോള്‍ ആ ഉത്തരവിനെ 'വീറ്റോ' ചെയ്യുന്നതിനു ശക്തിയുള്ള ഒരു സമാന്തര ഭരണകൂടം മൂക്കിനു കീഴെ വളരുന്ന അവസ്ഥ എത്ര ഭീകരമായിരിക്കും? ഇപ്പോള്‍ തന്നെ മാഫിയകളും പണവും ചേര്‍ന്ന് പാവപ്പെട്ടവരെ മുക്കിക്കളയുന്ന ഭരണസംവിധാനമാണ് നടത്തുന്നതെന്ന് പരക്കെ ആരോപണമുണ്ട്. സെസ്സ് നടപ്പില്‍ വന്നു കഴിയുമ്പോള്‍ സാധാരണ തൊഴില്‍ ഉടമകള്‍ ഇന്‍ വെസ്റ്റ് ചെയ്യുവാന്‍ മടികാണിയ്ക്കുമോ എന്ന കാര്യവും പഠിച്ചിട്ടില്ല.
യൂണിയനുകളോ സംഘടനകളോ കൊണ്ട് പ്രയോജനമില്ലാത്ത അവസ്ഥ ഇന്ത്യയെ പോലൊരു ജനാധിപത്യ രാഷ്ടത്തില്‍ കൊണ്ടുവരുന്നത് വളരെയെധികം ആലോചിച്ചു വേണമായിരുന്നു. പ്രത്യേക സാമ്പത്തിക മേഖലയില്‍ നിന്ന് ഊരു വിലക്ക് നേരിടേണ്ടി വരുന്ന സാധാരണ ജനം എന്നൊരു വിഭാഗം അധികം വൈകാതെ ഉണ്ടായേക്കാം. അവിടെ ഒരു പൗരനുണ്ടായിരിക്കേണ്ട എല്ലാ അവകാശങ്ങളും നിഷേധിക്കപ്പെട്ടേക്കാം.
ഇങ്ങനെയൊരു തൊഴില്‍മേഖലയില്‍ രാഷ്ട്രവിരുദ്ധ ശക്തികളാണ് ബിസിനസ്സ് നടത്തുന്നത് എന്ന് വിചാരിക്കുക. സര്‍ക്കാര്‍ ഉദ്ദേശിക്കുന്ന തരത്തിലുള്ള നേട്ടങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു കൊണ്ടു തന്നെ ചോദ്യം ചെയ്യപ്പെടാനാവാത്ത വിധം സുരക്ഷിതരായി സര്‍ക്കാരുകളുടെ വി ഐ പി വിഭാഗത്തില്‍ പെട്ട് കുറെ തീവ്രവാദികളെ കൂടി വളര്‍ത്തുന്ന അവസ്ഥയില്‍ നമ്മുടെ പട്ടാളത്തിനു പോലും അനുമതി കൂടാതെ പ്രവേശിക്കുവാന്‍ സാധിക്കാത്ത ഇത്തരം മേഖലകള്‍ നമ്മള്‍ തുടങ്ങി വയ്ക്കേണ്ടതുണ്ടോ?
ഒരു നിയമം ചൂഷണത്തിനു വേണ്ടി മാത്രമായിട്ട് നിലവില്‍ വരുന്നത് ആദ്യമായിട്ടാണ് എന്നു തോന്നുന്നു. അതിനെതിരെ ഒരാള്‍ പോലും ശബ്ദിക്കാതിരിക്കുന്നതും ആദ്യമായിട്ടാവാം. എന്നാല്‍ പ്രതിഷേധത്തിന്റെ ശബ്ദങ്ങളെ അവഗണിക്കുന്നത് തീര്‍ച്ചയായും ശരിയായ ഭരണകൂട - മാധ്യമ പ്രവണതയല്ല. സെസ്സ് നിയമം കേരളം പോലെയുള്ള ചെറിയ സംസ്ഥാനങ്ങളില്‍ നടപ്പാക്കുവാനേ പാടില്ല എന്ന നിലപാട് പരക്കെ അംഗീകരിക്കപ്പെടുന്നത് വരെ ഇതാരും അംഗികരിച്ചുവെന്ന് വരില്ല.അത് ഒരു പക്ഷേ വൈകിപ്പോയ വിവേകമാവാതിരുന്നുവെങ്കില്‍!
Tuesday, September 16, 2008
Subscribe to:
Post Comments (Atom)
6 comments:
ചൈനയില്‍ നിന്ന് നമ്മളീ ആശയം മാത്രമാണ്‍ കടമെടുത്തത്, എന്നാല്‍, ഇരുപത് ഇരുപത്തഞ്ചു വര്‍ഷം കൊണ്ട് അവര്‍ക്കുണ്ടായ വലുതായ ദൂഷ്യ ഫലങ്ങളും ഇന്ന് ഈ സോണുകള്‍ക്ക് ചൈനയില്‍ എന്ത് സംഭവിച്ചു എന്നും പഠിക്കാന്‍ നമ്മുടെ സാമ്പത്തിക നയ വിദഗ്ദര്‍ മെനക്കെട്ടില്ല എന്നതും ശ്രദ്ധേയമാണ്. സാമൂഹികമായി വലിയ അസന്തുലിതാവസ്ഥയും ബാലവേലയും ചൈനപോലെ പണിമുടക്കുകള്‍ക്കും തൊഴിലാളി യൂണിയനുകള്‍ക്കും നിയത്രണമുള്ള രാജ്യത്തു പോലും മിന്നല്‍ പണിമുടക്കുകള്‍ ഈ മേഘലയില്‍ ഉണ്ടായി എന്നത് ഇന്ത്യപോലെയൊരു രാജ്യത്ത് വിസ്ഫോടാത്മകമായ ഭാവിയാണ്‍ നാം മുന്‍ കൂട്ടി കാണേണ്ടത്. തൊണ്ണൂറ്റിയഞ്ചിനു ശേഷം ചൈന നികുതിയിളവുകള്‍ പിന്‍വലിച്ച് നിയന്ത്രണങ്ങള്‍ക്ക് മുതിര്‍ന്നുവെങ്കിലും അതും ഇതുവരെ പൂര്‍ണ്ണമായി വിജയിച്ചില്ല എന്നതും ഇന്ത്യ പോലൊരു രാജ്യത്ത് നടപ്പിലാക്കുന്നതിന്‍റെയും ഭാവിയില്‍ നിയന്ത്രണങ്ങള്‍ വെക്കുന്നതിന്‍റെയും പരിധി കാണിക്കുന്നു.
കേരളം പോലെ ചെറിയ സംസ്ഥാനങ്ങള്‍ക്ക് ചെറു നാട്ടു രാജ്യങ്ങള്‍ സൃഷ്ടിക്കപ്പെടും എന്നതു മാത്രമല്ല ഭയപ്പെടേണ്ടത്, മറിച്ച്, വീടുവെക്കാന്‍ പോലും സ്ഥലമില്ലാത്ത, കൃഷിയിടങ്ങള്‍ കുറവുള്ള എന്നാല്‍ വളരെയധികം കൃഷിയിടം ആധുനിക കാലത്ത് വേണ്ടിവരുന്ന ഒരു സംസ്ഥനത്തെ സംബന്ധിച്ച് വളരെയധികം വിചിന്തനം നടത്തപ്പെടേണ്ട ഒരു വിഷയമായിട്ടുകൂടി ഇടതു വലതു കക്ഷികള്‍ ഒരുമയോടെ പിന്തുണക്കുന്ന ഈ നിയമത്തിന്‍ കേരളത്തിനു മാത്രമായി ഒഴിഞ്ഞു മാറി നില്‍ക്കാനാവില്ല എന്ന വാദഗതിയും ഗോവപോലൊരു സംസ്ഥാനത്തെ രാഷ്ട്രീയ നേതൃത്തത്തിന്‍റെ നിലപാടു നമുക്ക് മുന്നിലുള്ളപ്പോള്‍ വിലപ്പോവില്ല.
ഇതൊക്കെയായിരുന്നാലും സെസ്സിനെ അന്ധമായി എതിര്‍ക്കുന്നതിനേക്കാള്‍ കേരളത്തിന്‍റെ പരിമിതമായ ഭൂപ്രകൃതിക്കും മറ്റു സാമ്പത്തിക അവസ്ഥക്കും അനുസരിച്ചുള്ള ചെറുതും എന്നാല്‍ എണ്ണത്തില്‍ വളരെക്കുറവും അനുവദിക്കുന്നത് ഇതുകൊണ്ടുള്ള ദോഷത്തിന്‍റെ അളവ് കുറക്കാനും ഇത്കൊണ്ടുള്ള ഗുണത്തിന്‍റെ അളവ് കൂട്ടുവാനും കഴിഞ്ഞേക്കും..
1) നാടിനെ ghettoisation ചെയ്യാനാണ് ഇതുപോലുള്ള ‘പ്രത്യേക‘മേഖലകള്‍ സഹായിക്കുക. ചുറ്റുവട്ടത്തെ ജീവിതപരിസരവുമായി ഒരു ബന്ധവുമില്ലാത്ത ഹബ്ബുകള്‍. ഒരു കോസ്മോപോളിറ്റന്‍ ടൌണ്‍ഷിപ്പ്.
2)വ്യവസായമെന്ന പേരിലൂള്ള സംരംഭങ്ങള്‍. തൊഴിലാളികളെന്ന പേരില്‍ അവിടെ ജീവിതോപായം നേടുന്ന വളരെക്കുറച്ചുപേര്‍. അവര്‍ക്കും അവരുടെ ആശ്രിതര്‍ക്കും വേണ്ടിയുള്ള ആധുനിക സൌകര്യങ്ങള്‍. പാറാവുകാര്‍. സദാ ജാഗ്രത്തായ, അവര്‍ക്കുവേണ്ടി മാത്രമുള്ള ഭരണ സംവിധാനങ്ങള്‍. അങ്ങിനെ, പരിസരയാഥാര്‍ത്ഥ്യവുമായി ഒരു ബന്ധവുമില്ലാത്ത ഒരു കൃത്രിമ സെറ്റപ്പ്. ഇതാണ് ഇതിന്റെ സാമൂഹ്യ മുഖം.
3) ഇതിന്റെ വികസന മുഖം മറ്റൊന്നാണ്. കയറ്റുമതി മാത്രം ലക്ഷ്യമാക്കി, ചുരുങ്ങിയ തൊഴില്‍ അവസരങ്ങള്‍ മാത്രം നല്‍കി, സംരംഭകരെന്ന ത്യാഗത്തിനു കിട്ടുന്ന എല്ലാ ഇളവുകളും (സര്‍ക്കാരിനു നഷ്ടമുണ്ടാക്കിക്കൊണ്ടായാല്‍പ്പോലും) പരമാവധി,സ്വയം ഉറപ്പുവരുത്തുന്ന സംരംഭകരും സംരംഭങ്ങളും. ആ പ്രദേശത്തിന്റെയോ, ആ നാടിന്റെയോ വികസനത്തില്‍ ഇവക്ക് ഒരു താത്‌പര്യവുമുണ്ടാകില്ല. സക്കാത്തുപോലെ ചില മനുഷ്യകാരുണ്യമാമാങ്കങ്ങള്‍ക്കൊന്നും കുറവുണ്ടാകില്ല എന്നു മാത്രം. ലയണ്‍സ് ക്ല്ലബ്ബൂം, റോട്ടറി ക്ലബ്ബും ചെയ്യുന്നതില്‍ കൂടുതലൊന്നും ഇവയില്‍നിന്നും പ്രതീക്ഷിക്കാനാവില്ല. വികസനമെന്നത്, സമഗ്രമായ ഒരു സങ്കല്‍പ്പമാണെന്നും, എല്ലാ ജനവിഭാഗങ്ങളുടെയും സഹകരണത്തോടെയും, അവരുടെ വളര്‍ച്ച മുന്നില്‍ കണ്ടുക്കൊണ്ട് നടപ്പിലാക്കേണ്ടതുമായ ഒന്നാണെന്നുള്ള പൊതുബോധത്തെയാണ് ഈ ഹബ്ബുകള്‍, ഈ പ്രത്യേകസാമ്പത്തിക മേഖലകള്‍ ഇല്ലാതാക്കുന്നത്.
3) ഊഹാപോഹത്തില്‍ അധിഷ്ഠിതമായ കമ്പോളത്തിന്റെ കളിയരങ്ങുകളായിരിക്കും ഈ മേഖലകള്‍. റിയല്‍ എസ്റ്റേറ്റ്, ഉപരിപ്ലവമായ വിനോദസഞ്ചാരവ്യായാമങ്ങള്‍, മറ്റേതെങ്കിലും രാജ്യത്തെ പ്രവചനാതീതമായ സാമ്പത്തിക കയറ്റിറക്കങ്ങള്‍ക്ക് എളുപ്പത്തില്‍ വശംവദമാവുകയും, എപ്പോള്‍ വേണമെങ്കിലും പൊട്ടിത്തകരുകയും ചെയ്യാവുന്ന ചൂതാട്ട വ്യവസായങ്ങളാണ് അവക്കുള്ളില്‍ പൊന്തിവരിക.over the head counter കളികള്‍.
4) പൊതുമേഖലയെ re-structure ചെയ്ത്, പ്രൊഫഷണല്‍ മാനേജുമെന്റിന്റെ കീഴില്‍ കൊണ്ടുവരികയാണ്, വികസനത്തെ നാട്ടിലേക്കും, നാടിനെ വികസനത്തിലേക്കും എത്തിക്കാനുള്ള ഏറ്റവും ഫലപ്രദമായ മാര്‍ഗ്ഗം. അതിനു കഴിവുള്ള ഉദ്യോഗസ്ഥ സംവിധാനത്തെ കണ്ടെത്തേണ്ടതും ആവശ്യമാണ്.
ഈ വിധത്തില്‍ ബഹുമുഖസ്വഭാവമുള്ള സാധനമാണ് ഈ സെസ്സ്. ആ രീതിയിലൊക്കെ ഇതിനെ വിശകലനം ചെയ്യേണ്ടതുമാണ്.
അഭിവാദ്യങ്ങളോടെ
@Fazal who said,
"കേരളത്തിന്റെ പരിമിതമായ ഭൂപ്രകൃതിക്കും മറ്റു സാമ്പത്തിക അവസ്ഥക്കും അനുസരിച്ചുള്ള ചെറുതും എന്നാല്‍ എണ്ണത്തില്‍ വളരെക്കുറവും അനുവദിക്കുന്നത് ഇതുകൊണ്ടുള്ള ദോഷത്തിന്‍റെ അളവ് കുറക്കാനും ഇത്കൊണ്ടുള്ള ഗുണത്തിന്‍റെ അളവ് കൂട്ടുവാനും കഴിഞ്ഞേക്കും.."
@ Rajeeve Chelanat who said
"1) നാടിനെ ghettoisation ചെയ്യാനാണ് ഇതുപോലുള്ള ‘പ്രത്യേക‘മേഖലകള്‍ സഹായിക്കുക. ചുറ്റുവട്ടത്തെ ജീവിതപരിസരവുമായി ഒരു ബന്ധവുമില്ലാത്ത ഹബ്ബുകള്‍. ഒരു കോസ്മോപോളിറ്റന്‍ ടൌണ്‍ഷിപ്പ്."
ഫസലിന്റെയും രാജീവിന്റെയും നിരീക്ഷണങ്ങള്‍ തീര്‍ച്ചയായും യുക്തിസഹമാണ്.
ഇതു പോലെ ചിന്തിക്കുന്ന ഭരണകര്‍ത്താക്കള്‍ സെസ് നടപ്പാക്കിയാല്‍ നമ്മള്‍ എതിര്‍ക്കേണ്ടതില്ല. നാളെ പണത്തിന്റെയും മറ്റും സ്വാധീനങ്ങള്‍ക്ക് വഴങ്ങി സെസ്സുകള്‍ അനുവദിക്കുന്ന അവസ്ഥയിലേക്കാണ് ഇപ്പോഴത്തെ നിയമം പോകുന്നത്. ചെറിയ മേഖലകള്‍ അനുവദിക്കാം എന്ന ഫസലിന്റെ നിരീക്ഷണം പഠിക്കേണ്ടതു തന്നെ.
രാജീവ് പറഞ്ഞത് പോലെ എന്ത് എവിടൊക്കെ സംഭവിച്ചു എന്നൊക്കെ പഠിക്കുവാന്‍ ഇവിടുത്തെ രാഷ്ട്രീയ അധികാരികള്‍ക്ക് എവിടെ സമയം? അങ്ങനെ ആയിരുന്നെങ്കില്‍ വിശ്വാസപ്രമേയത്തിന്റെ പേരില്‍ രണ്ടു രാഷ്ട്ര ദിവസങ്ങള്‍ കളഞ്ഞ വാചകക്കസര്‍ത്തു നടത്തിയപ്പോള്‍ അവര്‍ എങ്ങനെ ഈ കരാര്‍ ഉപയോഗപ്പെടുത്താം എന്നു ചര്‍ച്ച ചെയ്യുമായിരുന്നു.
ഇരുവരും പഠിച്ചാണ് പ്രശ്നത്തെ സമീപിച്ചിരിക്കുന്നത് എന്നതില്‍ സന്തോഷം. ഇങ്ങനെയുള്ള ആള്‍ക്കാരെയാണ് നമ്മുടെ വികസന കാര്യങ്ങളില്‍ പങ്കാളികളാക്കേണ്ടത്. എന്നാല്‍ നോക്കൂ, ഇത്തരം കാര്യങ്ങള്‍ക്ക് ബ്ലോഗില്‍ പോലും വായന കുറവാണ്. നന്ദി.
http://www.orkut.co.in/CommMsgs.aspx?cmm=25671114&tid=2567260654055267408&na=2&nst=11
see the orkut community discussion in mandaram...
Post a Comment