Tuesday, June 30, 2009

ടൈഗ്രിസിന്റെ തീരത്തൊരു നൂറ്റാണ്ടിന്റെ ബലി....

കൊലക്കയറും നന്മയുംതമ്മില്‍ അധിക ദൂരമില്ല. നന്മ ചെയ്യുന്നവര്‍ പലപ്പോഴും അധികാരശക്തിയാല്‍ മുദ്രവയ്ക്കപ്പെട്ട ഒരേയൊരു പ്രവൃത്തിമൂലം ഉന്മൂലനം ചെയ്യപ്പെടുന്നു. ഒരു പ്രവൃത്തി തെറ്റെന്നു വിധിക്കുവാന്‍ ആര്‍ക്ക്‌ അധികാരം എന്നുള്ളത്‌ നിശ്ചയിക്കപ്പെട്ടിട്ടില്ലെങ്കിലും....
സോക്രട്ടീസിനെ ഓര്‍ക്കുക ധാര്‍ഷ്ട്യത്താല്‍ ഉന്മൂലനം ചെയ്യപ്പെട്ടവര്‍ അമരത്വം നേടുന്നു.
ഇവിടെയൊരാള്‍ തന്റെ രാഷ്ട്രജനതയെ കരുത്തിലെക്ക്‌ നയിച്ചു... എന്നിട്ടോ?

നീതിയെന്തെന്ന് അറിയാവുന്നവര്‍ക്കേ അനീതിയുടെ വേദന അറിയൂ... വിചരണകള്‍ ബാക്കി നില്‍ക്കെ ഒരു കുറ്റവാളിയെ ഇല്ലാതാക്കുവാന്‍ നിയമപരമായ തടസ്സങ്ങളൊന്നുമില്ലെ? അയാള്‍ നിയമത്തിന്റെ തടവുകാരനല്ലേ? തടവില്‍നിന്നുള്ള രക്ഷപെടലാവില്ലേ മരണം?
പുതയൊരു നിയമപ്രശ്നം തന്നെ!


അയാള്‍ക്ക്‌ ഒന്നിനും അവസരമില്ല,.. മരണപത്രം എഴുതുവാന്‍ പോലും..... ചില രാഷ്ട്രനേതാക്കന്മാരുടെ വിധി ഇങ്ങനെയാണ്‌. സ്ലൊബോദാന്‍ മിലോസെവിച്ചിനെപ്പോലെ, പാട്രിസ്സ്‌ ലുമുംബെയെ പോലെ, അലണ്ടെയെയും ചെഗുവേരയീയും പോലെ ... നേതാവിനെ തെരഞ്ഞെടുത്തവരാവില്ല, അയാളെ വധിക്കുന്നത്‌.

-അവസാനത്തെ ആഗ്രഹമെന്ന നിലയ്ക്ക്‌ വാര്‍ത്താലേഖകരെ കാണണമെന്ന ആവശ്യം ഒരു ജനറലിന്റെ കനിവില്‍ അനുവദിച്ച്‌ കിട്ടുകയായിരുന്നു. അതും ഒരാള്‍ക്ക്‌ മാത്രം, പതിനഞ്ച്‌ മിനിറ്റ്‌.

ഇത്തരമൊരവസരം താനൊരിക്കലും പ്രതീക്ഷിച്ചിട്ടില്ല. കൊലക്കയറിന്റെ നിഗൂഡഗന്ധവും നിഴലും പരന്ന് നിശ്ശബ്ദ ഭീതി നിറഞ്ഞു നില്‍ക്കുന്ന ഇരുളില്‍ താനും അയാളും മാത്രം! സദ്ദാം..,സദാം ഹുസ്സൈന്‍!

ഈ കൂടിക്കാഴ്ചയ്ക്കു ശേഷം താനിവിടെ നിന്ന് പുറത്തു കടക്കുന്നതിനു മുന്‍പ്‌ കഴുത്തില്‍ കുരുങ്ങിയ യാങ്കി കൊലക്കയറുമായി ഇയാളിവിടെ തൂങ്ങി നില്‍ക്കും. ആ കണ്ണുകള്‍ സാമ്രാജ്യത്വത്തിനു നേരെ തുറിച്ചിരിക്കുമോ അതോ എന്നെന്നേക്കുമായ്‌ അടഞ്ഞു പോകുമോ?

ചവിട്ടടി കൊണ്ട്‌ ബഹുമാനമറിയിച്ച, ചുവന്ന മുഖമുള്ള പട്ടാളക്കാരന്‍ നിഴല്‍മുറിയുടെ ഒരു മൂലയിലേക്ക്‌ ചൂണ്ടി. ഇരുളില്‍ അവ്യക്തമായി, ഗാംഭീര്യമുള്ള ഒരു തലയെടുപ്പ്‌ അവിടെ നില്‍ക്കുന്നു. സദ്ദാം..!

കൈത്തണ്ടകളില്‍ കരുവാളിപ്പ്‌,ദൈന്യത വീണിട്ടും രൗദ്രത വിളങ്ങുന്ന നോട്ടം, മരണമടുത്തിട്ടും മായാത്ത പുഞ്ചിരി, വടിവൊത്ത ശരീരം, ഉറച്ച കൈത്തണ്ടകള്‍, പട്ടാള യൂണിഫോമിനെ അനുസ്മരിപ്പിക്കുന്ന പച്ച നിറമുള്ള വേഷം. താടി രോമങ്ങല്‍ നീണ്ട്‌ നിരാശ മറയ്ക്കുന്ന മുഖം മൂടി പോലെ നില്‍ക്കുന്നു.

'ഇരിക്കൂ'

നടുങ്ങിപ്പോയി. ആത്മാവിനുള്ളില്‍ നിന്ന് അയാള്‍ സംസാരിക്കുന്നു. ഒരു ചെറിയ കസേര ഇട്ടിരിക്കുന്നു. സിംഹാസനം പോലെ തോന്നിക്കുന്ന ഒരു വലിയ കസേരയിലേക്ക്‌ അയാളുമിരുന്നു. അവസാനത്തെ സിംഹാസനം, മരണസിംഹാസനം.... അയാള്‍ മുഖത്തേക്ക്‌ നോക്കി;.

'എനിക്ക്‌ നിങ്ങളെ മാത്രം കണ്ടാല്‍ പോര' അയാള്‍ തുടങ്ങി. പതിനഞ്ചു മിനിട്ടുകള്‍ മുറിയിലെ ഘടികാരത്തില്‍ 'ഫട്‌"ഫട്‌' ശബ്ദം വച്ച്‌ കുതിക്കുന്നത്‌ ഒരു പക്ഷേ അയാള്‍ തിരിച്ചറിഞ്ഞിരിക്കും.

'എനിക്ക്‌ കാണേണ്ടത്‌ ലോക ജനതയെ ആണ്‌'. അയാള്‍ എന്നെ നോക്കി മന്ദഹസിച്ചു. 'മനസ്സിലായി മി.സദ്ദാം, അങ്ങ്‌ പറയുന്നത്‌, ഞാന്‍ ലോകത്തെ അറിയ്ക്കും, അതിനാണു ഞാന്‍ വന്നിരിയ്ക്കുന്നത്‌'എന്നു പറയുവാന്‍ തോന്നിയെങ്കിലും ശബ്ദം പുറത്തു വന്നില്ല. കണ്ണിമയ്ക്കാതെ, നോക്കിയിരിക്കുക മാത്രം ചെയ്തു. അതാണ്‌ തന്റെ കര്‍ത്തവ്യമെന്ന് തോന്നി.

അയാള്‍ ഒന്നു നിശ്വസിച്ചോ?..വ്യക്തമായില്ല, എന്റെ വലതുകൈയ്യില്‍ പേനയും ഇടതു കൈയ്യില്‍ നോട്ട്‌ പാഡുമുണ്ടായിരുന്നു. പേന ചലിച്ചു തുടങ്ങിയപ്പോള്‍ അയാള്‍ നിശ്വസിച്ചു. ഉറപ്പ്‌.

'ഞാനാരുടെയും മുന്നില്‍ തോല്‍ക്കുന്നില്ല, എന്നെ വിശ്വസിച്ചവരോടു പറയൂ, ഞാന്‍ മരിക്കുന്നതോടെ നിങ്ങള്‍ ജയിക്കുന്നു..എന്റെ രക്തം മോഹിച്ചവര്‍, ഇനി പരാജയങ്ങളിലേക്ക്‌..'

ഒരു കശാപ്പുശാല പോലെ തോന്നി ആ മുറി. ആയുധങ്ങള്‍ നിരന്നു കിടന്നു. ഒരു കോണില്‍ കറുത്ത നിറം തോന്നിക്കുന്ന ഒരു കയര്‍കുരുക്ക്‌, ഈ കുരുക്കിന്‌ ഒരു ജനതയെ നിശ്ശബ്ദമാക്കുവാന്‍ കഴിയുമെന്നോ?...

അണുംബോംബിനെക്കാള്‍ വീര്യമുള്ള ഈ കുരുക്കിന്‌.?

ആലോചനകളെ മുറിച്ചു കൊണ്ട്‌ പ്രസംഗിക്കുന്നതു പോലെ അയാള്‍ മെല്ലെ സംസാരിച്ചു. സമയം അയാള്‍ക്കു വേണ്ടി കാത്തു നില്‍ക്കുകയില്ലല്ലോ...

'ചെറുപ്പത്തില്‍ കേട്ട ഒരു കഥയില്‍ ആദ്യം ആക്രമിക്കുകയാണ്‌ ശരിയായ പ്രതിരോധം എന്ന് ഞാന്‍ പഠിച്ചു. ഞാന്‍ ആക്രമിച്ചതെല്ലാം പ്രതിരോധമായിട്ടായിരുന്നു. നിങ്ങള്‍ ചിന്തിച്ചിട്ടുണ്ടോ?'

എന്റെ ചിന്ത അതായിരുന്നില്ല. ഈ മനുഷ്യന്‍ ഒരു സാമ്രാജ്യത്തിന്റെ അധിപനായിരുന്നു. ഈ മുറിയില്‍ നിന്നയാളെ ലോകം കാണാതെ കൊലക്കയറിലേക്ക്‌ കൊണ്ടുപോകാതിരിക്കുവാന്‍ എനിക്കിപ്പോള്‍ എന്തു ചെയ്യുവാന്‍ കഴിയും? ...
ഒന്നും ചെയ്യുവാന്‍ കഴിയില്ല, ഒന്നും. അവര്‍ ലോകജനതയെ നിര്‍വ്വീര്യമാക്കിയിരിക്കുന്നു.

ഞാനൊരു ക്ഷുദ്ര ചിന്തകന്‍ തന്നെ. സാമ്രാജ്യത്വങ്ങള്‍ തമ്മിലുള്ള പോരില്‍ ചക്രവര്‍ത്തിമാര്‍ പരസ്പരം തൂക്കിലേറ്റപ്പെടുമ്പോള്‍ കൊലക്കയറിനു താഴെ വീഴുന്ന രക്തത്തുള്ളികളില്‍ നിന്ന് ചരിത്രമെഴുതുന്ന ഞാന്‍ എത്ര നിസ്സാരന്‍. ഈ മുറിയില്‍ നിന്ന് അവരെന്നെ പുറത്തേക്ക്‌ അയയ്കുമോ?

'എന്നെ ന്യായീകരിക്കുവാന്‍ നിങ്ങള്‍ക്ക്‌ മടിയുണ്ടെന്നറിയാം, നിങ്ങള്‍ക്കതിനു കഴിയുമോ എന്ന് ഞാന്‍ സംശയിക്കുന്നു.ജീവനും മരണത്തിനു മിടയില്‍ എനിക്കു ലഭിച്ച, അല്‍പാശ്വാസം മാത്രമാണു നിങ്ങള്‍.ഞാന്‍ മരിക്കുന്നതിനു മുന്‍പേ നിങ്ങളുടെ രക്തം ഈ മുറിയില്‍ വീണേക്കാം, അത്ര ദുഷ്ടരാണവര്‍..'

ഒരു നിമിഷം നടുങ്ങാതെയിരുന്നില്ല. മരണത്തിന്റെ ആശ്വാസ മദ്ധ്യവര്‍ത്തിയാകുവാന്‍ താല്‍ക്കാലിക നിയോഗം. ഇതിനു ശേഷം തന്നെയെന്തിനവര്‍ പുറത്തു വിടണം?

പുറത്തിറങ്ങിയാല്‍ കൊലക്കയറില്‍ നിന്നുള്ള സന്ദേശം ഈ മനുഷ്യനെ അനശ്വരനും അപരാജിതനുമാക്കിയെങ്കിലോ?....
അയാള്‍ തുടര്‍ന്നു..

'എണ്ണപ്പാടങ്ങള്‍ക്കു മുകളില്‍ വിരിച്ച വലകളുമായി പറന്നു നടന്ന കഴുകരെ ഞാന്‍ തിരിച്ചറിയുവാന്‍ വൈകി. എണ്ണയുടെ രാഷ്ടീയം അവര്‍ സൃഷ്ടിച്ചതാണ്‌. എണ്ണവില ഇടിയുന്ന സാഹചര്യമുണ്ടാക്കി, അതിനു കരുവാക്കുന്ന അയല്‍ രാഷ്ട്രത്തെ അവിശ്വസിക്കുവാനും ആക്രമിക്കുവാനും അവര്‍ പറഞ്ഞു. ഒരു പ്രവിശ്യ മാത്രമായ ആ ഭൂഭാഗം കൈയ്യേറുന്നതില്‍ തെറ്റില്ലെന്നാണവര്‍ അഭിപ്രായപ്പെട്ടിരുന്നത്‌. ഇന്നെന്റെ പ്രവൃത്തികള്‍ അവര്‍ തന്നെ ചോദ്യം ചെയ്യുന്നു.. എന്റെ പ്രവൃത്തികള്‍ അവരെ സഹായിച്ചിരിക്കുന്നു, അധിനിവേശങ്ങളെ ചെറുത്തു നില്‍ക്കുവാന്‍ കഴിയുമായിരുന്ന ഒരേയൊരു ശക്തിയെ നിസ്സഹായനും നിരായുധനുമാക്കി അവര്‍. അതവരുടെ ലക്ഷ്യങ്ങളില്‍ ഒന്നും മാത്രമായിരുന്നു, അറിയാമോ നിങ്ങള്‍ക്ക്‌?'

എന്റെ കണ്ണുകള്‍ തീക്ഷ്ണങ്ങളാകുന്നതും തൂലികയ്ക്ക്‌ ഒരു പടവാളിന്റെ ശക്തി കൈവരുന്നതും ഞാനറിഞ്ഞു.
'അമേരിക്കനിസം തന്നെ ആര്യനിസം,ആര്യനിസവും കോര്‍പറേറ്റിസവും ചേര്‍ന്ന് ഇല്ലാത്ത ഭീഷണികള്‍ ഉണ്ടെന്ന് വരുത്തുന്നു. അവ പ്രത്യേക ലക്ഷ്യത്തോടെ പോഷിപ്പിക്കുന്നു, അധിനിവേശം നടത്തുന്നു, ഫാസിസം മരിച്ചിട്ടില്ല..'

-അല്‍പം നിര്‍ത്തി, കണ്ണുകളുയര്‍ത്തി അയാള്‍ ചൊദിച്ചു,`നിങ്ങള്‍ ഒരു ഇന്‍ഡ്യാക്കാരനാണല്ലേ..?ഞാന്‍ തലയാട്ടുകമാത്രം ചെയ്തു.

‘എന്തിനെന്നറിയില്ല,ഇന്‍ഡ്യാക്കാര്‍ എന്നെ കൂടുതല്‍ സ്നേഹിക്കുന്നു.എനിക്ക്‌ അവെരോടും സ്നേഹമാണ്‌. കാരണം അമേരിക്ക അന്വേഷിക്കുന്ന അടുത്ത താവളം ഇന്‍ഡ്യയാണ്‌.അതിനവര്‍ രണ്ട്‌ മാര്‍ഗ്ഗങ്ങള്‍ തേടും. യുദ്ധത്തിന്റെയും സൗഹൃദത്തിന്റെയും, സൗഹൃദത്തിന്‌ അവര്‍ നയതന്ത്രമെന്നു പേരു വിളിക്കുന്നു.അവരുടെ സൗഹൃദം ഒരു തന്ത്രമാണ്‌.,അവര്‍ നിങ്ങളെ കരാറുകളില്‍ കൊരുക്കും...‘

കറുത്ത ചരടിലെ കൊലക്കുരുക്ക്‌ എനിക്ക്‌ കൂടുതല്‍ വ്യക്തമായി..... കാരണം, വാക്കുകളില്‍ വിദ്വേഷത്തിന്റെ വിത്തുകള്‍ വിതച്ച്‌ ഇപ്പോഴുമിയാള്‍ക്കെങ്ങനെ സംസാരിക്കുവാന്‍ സാധിക്കുന്നു.?

പരിചാരകനെപ്പോലെ തോന്നിക്കുന്ന പട്ടാളക്കാരന്‍ വന്ന് സമയമാകുന്നു എന്നറിയിച്ചിട്ടു പോയി...

‘എന്റെ സംസാരം അവര്‍ ശ്രദ്ധിച്ചിരിക്കുന്നു. അനുവദിച്ചിരുന്ന സമയം പോലും നല്‍കുവാനവര്‍ക്ക്‌ ഭീതിയാണ്‌. നിങ്ങള്‍ ഇവിടെ നിന്ന് പുറത്തിറങ്ങിയില്ലെങ്കിലും നിങ്ങളുടെ ഈ കുറിപ്പുകള്‍ പുറത്തിറങ്ങണം അതിനെന്ത്‌ മാര്‍ഗ്ഗമെന്ന് ചിന്തിക്കൂ...‘

ഞാന്‍ ഒന്ന് പുഞ്ചിരിച്ചു. ലോകരാഷ്ട്രങ്ങളുടെ പ്രത്യേക അനുമതിയോടെയാണ്‌ താന്‍ വന്നിരിക്കുന്നതെന്ന് ഇയാള്‍ക്കറിയില്ല ഇയാള്‍ ശരിക്കുമൊരു ഭ്രാന്തന്‍ തന്നെ.

'അവര്‍ എനിക്ക്‌ രാസായുധങ്ങള്‍ നല്‍കി.ആക്രമിക്കുവാന്‍ പ്രചോദനവും...എന്റെ വിചാരണയ്ക്ക്‌ അവര്‍ തിരക്കഥയെഴുതിയത്‌ ഇതൊക്കെ മറച്ചു വയ്ക്കുവാനാണ്‌.'

ഹൃദയത്തിനുള്ളില്‍ നിന്ന് വരുന്ന ചെറിയ ശബ്ദത്തില്‍ അയാള്‍ തുടര്‍ന്നു.

'ഞാന്‍ മരിക്കുന്നു. ആരുമറിയാത്ത വഞ്ചനയുടെ ജഡമായി അവരുടെ മുന്നില്‍ തൂങ്ങി നില്‍ക്കുവാന്‍...എന്റെ കണ്ണുകള്‍ വിവിധ മുഖങ്ങളില്‍ എന്നും തുറന്നിരിക്കും'

'എന്റെ മരണത്തിന്റെ സന്ദേശം കുറിയ്ക്കൂ, ഇത്രമാത്രം, അധിനിവേശ ശക്തികളെ വിശ്വസിക്കരുത്‌'.

പറഞ്ഞു തീര്‍ക്കുവാനേറെയുണ്ടെന്ന ബോധ്യത്തോടെ അയാള്‍ ശൂന്യതയിലേക്ക്‌ നോക്കി സംസാരിച്ചു. 'എന്റെ കൂടെയെന്ന് ഭാവിച്ച്‌ അവര്‍, എന്റെ ശത്രുക്കളുടെ കൂടെ കൂടുതല്‍ എണ്ണ ശേഖരിക്കുവാനും അത്‌ കുറഞ്ഞ വിലയ്ക്ക്‌ വില്‍ക്കുവാനും പ്രേരിപ്പിച്ച്‌ നില കൊണ്ടു. വില കുറയുന്ന എണ്ണ കൊണ്ട്‌ ഇറാഖിനെ തകര്‍ക്കാമെന്നവര്‍ വിശ്വസിച്ചു..സുഹൃത്തേ, അധിനിവേശമാണ്‌ ഒരു രാഷ്ട്രത്തിനു ചെയ്യുവാന്‍ കഴിയുന്ന ഏറ്റവും വലിയ തെറ്റ്‌. അന്നവരതിനെ അധിനിവേശമെന്നായിരുന്നില്ല വിശേഷിപ്പിച്ചിരുന്നത്‌, പിന്നീടവര്‍ക്ക്‌ കാര്യങ്ങള്‍ എളുപ്പമായി..'

അയാളുടെ ദേഹം വിറകൊള്ളുന്നുവോ? താടി രോമങ്ങളില്ലാത്ത മുഖഭാഗങ്ങള്‍ ചുവന്നു കണ്ടു...അമര്‍ഷത്തിന്റെ സ്വരം കൂടുതല്‍ മുഴക്കമുള്ളതായി...

'സമാധാനപരമായ പരിഹാര ശ്രമങ്ങള്‍ ആഗ്രഹിച്ചിരുന്ന എന്റെ പോരാട്ടത്തെ, ധാര്‍ഷ്ട്യത്തോടെ നേരിട്ട്‌, അത്തരം സാധ്യതകളെ അവര്‍ ബോധപൂര്‍വ്വം ഇല്ലാതാക്കി. പതിമ്മൂന്ന് വര്‍ഷത്തെ ഉപരോധത്തില്‍ അഞ്ചുലക്ഷം കുഞ്ഞുങ്ങളുള്‍പ്പെടെ പതിനഞ്ചു ലക്ഷം ഇറാഖികളെ അവര്‍ കൊന്നൊടുക്കി, അധിനിവേശപ്പോരാട്ടത്തില്‍ പിന്നെയും കൊന്നു ആറു ലക്ഷം പേരെ, ഇതിനൊക്കെ ആരെ ആരു ശിക്ഷിക്കും..?'


ഒരു നിമിഷം നിര്‍ത്തി അയാള്‍ കണ്ണുകളടച്ചു, ചെറുതായി ചുളിവുകള്‍ വീണ, കവിളില്‍, ആത്മവിശ്വാസത്തിന്റെ ചലനം...

'ഒടുവില്‍..ആരാച്ചാരെ ജഡ്ജിയാക്കുക വഴി അവര്‍ നീതിയെ ആദ്യം തൂക്കിലേറ്റി..'.
-‘സമയം കഴിഞ്ഞിരിക്കുന്നു.!’ ഒരു പട്ടാളക്കാരന്‍ മാര്‍ച്ച്‌ ചെയ്തു വരുന്നു, കൂടുതല്‍ പട്ടാളക്കാര്‍ നടന്നടുക്കുന്നതിന്റെ ശബ്ദം..നിമിഷങ്ങള്‍ക്ക്‌ വേഗത കൂടുന്നുവോ?

മരണത്തിന്റെ മുഴക്കം കാതോര്‍ത്തെന്ന പോലെ അയാള്‍ സാവകാശം എഴുന്നേറ്റു,ഒപ്പം ഞാനും.. ദൂരെയേതോ അലക്ഷ്യത്തിലേക്ക്‌ തുറിച്ചു നോക്കി,നെഞ്ചു വിരിച്ച്‌ നിവര്‍ന്നു നിന്ന് അയാള്‍ തുടര്‍ന്നു.

'നിങ്ങള്‍ ചോദിക്കണം, ചോദിച്ചു കൊണ്ടേയിരിക്കണം, ആരോപിച്ചിരുന്നതു പോലെ, ഇറാഖിനുണ്ടായിരുന്ന അണു ബോംബ്‌ എവിടെ എന്ന്..രാസായുധങ്ങളെവിടെ എന്ന്..ജൈവായുധങ്ങളെവിടെ എന്ന്..നിങ്ങള്‍ ചോദിച്ചു കൊണ്ടേയിരിക്കണം.,അവര്‍ക്ക്‌ ഉത്തരം മുട്ടിയെന്ന് ലോകം അറിയുന്നതു വരെ..എന്റെ മരണത്തോടെ ചോദ്യങ്ങള്‍ അവസാനിക്കരുതെന്ന് ഞാന്‍ നിങ്ങളോടു പറയുന്നു.'

അക്ഷമനായ പട്ടാളക്കാരന്‍, എന്തുകൊണ്ടൊ സംസാരം തടഞ്ഞില്ല, ഇവര്‍ക്കെന്താവും ഇത്ര ധൃതി?

'ധൃതി കാട്ടുന്നവര്‍ സത്യത്തെ ഭയപ്പെടുന്നവരാണ്‌.'

ഞാന്‍ ഉറക്കെയാണൊ അത്‌ ചോദിച്ചത്‌..?അയാള്‍ ധൃതിയില്‍ ആ ആത്മഗതത്തിനു ഉത്തരമെന്നോണം പറയുകയാണ്‌. 'നിങ്ങളുടെ പരസ്പരമുള്ള ശത്രുത, അധിനിവേശ ശക്തികള്‍ക്കെതിരെ തിരിക്കൂ,അതാണെനിക്ക്‌ ലോകത്തോടു പറയുവാനുള്ളത്‌.'

പെട്ടെന്ന് തിരിഞ്ഞു നിന്ന അയാള്‍, പിന്നില്‍ നിന്ന പട്ടാളക്കാരന്റെ മുഖത്തേക്ക്‌ സൂക്ഷിച്ചു നോക്കി, അയാളോടെന്ന പോലെ ചോദിച്ചു, 'എന്റെ ജനത എന്നെ തിരികെ ആവശ്യപ്പെടുമ്പോള്‍, എന്നെ നിങ്ങള്‍ക്ക്‌ തിരികെ കൊടുക്കുവാന്‍ കഴിയുമോ?'

അമര്‍ത്തിയ രൂക്ഷ സ്വരത്തിലുള്ള ആ ചോദ്യം കേട്ട്‌, നിസ്സഹായനായി ആപട്ടാളക്കാരന്‍ ഒന്ന് മന്ദഹസിച്ചു. മരണത്തിന്റെ മന്ദഹാസം..

'ഇറാഖ്‌ എറ്റവും ശക്തവും സമ്പന്നവുമായ രാഷ്ട്രമാകുന്നതിനടുത്തെത്തിയപ്പോള്‍, പ്രലോഭനങ്ങളില്‍ പെട്ട എനിക്ക്‌ പിഴവ്‌ പറ്റിയിരിക്കാം..പക്ഷെ അവരുടെ വഞ്ചനയ്ക്ക്‌ മുന്നില്‍ എന്റെ നിലപാടുകളെ,ഞാനൊരിക്കലും ബലി കൊടുത്തില്ല.'

എന്റെ കൈകള്‍ വിറച്ചു,വിയര്‍ത്ത മുഖത്ത്‌ നിസ്സഹായതയുടെ അമര്‍ഷം. എനിക്കൊപ്പം നിസ്സഹായരായിരിക്കുന്നത്‌ ലോകജനത മുഴുവനുമാണല്ലോ എന്നാശ്വസിച്ചു നോക്കി.

'ജീവിച്ചിരിക്കുന്ന എന്നെക്കാള്‍ ശക്തനായി, ഒരു ചോദ്യചിഹ്നമായി ഞാന്‍ മരിക്കുവാന്‍ പോകുന്നു - ഓര്‍ക്കുക, നിങ്ങളുടെ നേതാക്കളുടെ സ്ഥാനവും നാളെ തൂക്കുകയറുകളിലാവാം,'

വരികള്‍ പകര്‍ത്തുവാന്‍ മാത്രം വിധിക്കപ്പെട്ട, പത്രപ്രവര്‍ത്തകനു വികാരങ്ങളെവിടെ? എന്നിട്ടും മുഖം ചുവക്കുന്നത്‌ ഞാനറിയുന്നു..

'പോരാട്ടത്തിന്റെ പേരായി ഞാന്‍ പുനര്‍ജ്ജനിക്കും, മരണമില്ലാതെ..എന്റെ മരണം അവസാന ബിന്ദുവല്ല, നിങ്ങളോര്‍ക്കുക..'

അയാളുടെ മുഖം കൂടുതല്‍ തുടുത്തു.കണ്ണുകളിലെ രോഷാഗ്നി കണ്ടിട്ടാവാം, തൂക്കുകയറിന്റെ സന്ദേശവുമായെത്തിയ പട്ടാളക്കാരന്‍ അല്‍പം മാറി നിന്നത്‌.സമയം സദ്ദാമിനു വേണ്ടി കാത്തു നിന്നിരുന്നുവെങ്കില്‍...

'വിചാരണയ്ക്ക്‌ തിരക്കഥ തയ്യാറാക്കുന്നവര്‍ ചോദ്യം ചെയ്യപ്പെടണം..'അയാള്‍ പറഞ്ഞ്‌ അല്‍പം നിര്‍ത്തി. മരണക്കയറിലേക്ക്‌ അണിഞ്ഞു നടക്കുവാന്‍ മുഖാവരണം നീട്ടി ഒരു സൈനികന്‍ വന്നു. അത്‌ നിഷേധിച്ചയാള്‍ 'മരണത്തിലേക്ക്‌ മുഖാവരണമണിഞ്ഞല്ല ഞാന്‍ പോകുന്നത്‌, എന്റെ മുഖം അവര്‍ കാണട്ടെ..'

മുഖം കൊണ്ടൊരു വെല്ലുവിളിയാകുവാന്‍ അപ്പോഴും അയാള്‍...!

'ഹിറ്റ്‌ ലറുടെ ചിരിയാണയാള്‍ക്ക്‌,ശ്രദ്ധിക്കൂ, എനിക്കെതിരെയുള്ള ആരോപണങ്ങളിലെല്ലാം ഒന്നാം പ്രതി അയാളാണ്‌.'

പട്ടാളക്കാരന്‍ മുഖാവരണവുമായി നടന്നു നീങ്ങി. സംസാരം മരണം വരെ തുടരുവാനായിരിക്കും അയാളുടെ നിശ്ചയമെന്ന് തോന്നി. കൊലക്കയറിനു സമീപം ഒരു ക്യാമറ ഏര്‍പ്പാടാക്കിയിട്ടുള്ളതായി കാണാം. പട്ടാളക്കാരന്‍ തന്നെയാണു ക്യാമറമാന്‍..ദൈവമേ, ഈ മനുഷ്യന്റെ മരണം ആഘോഷമാക്കപ്പെടുമെന്നോ..അത്‌ ലോക സാമ്രാജ്യത്വത്തെ പേടിപ്പെടുത്തുന്ന ഒരു പ്രേതമായി തൂങ്ങി നില്‍ക്കുകയില്ലേ..?

ഇപ്പോള്‍ എല്ലാം വളരെ വേഗത്തിലാണു നടക്കുന്നത്‌. പട്ടാളക്കാരുടെ ബൂട്ടിന്റെ പതന ശബ്ദം, വേഗത്തില്‍. നിശ്ശബ്ദരായ അവരുടെ നീക്കങ്ങള്‍ വേഗത്തില്‍. അയാളുടെ കൊലക്കയറുമായുള്ള സമാഗമം വേഗത്തില്‍...കൊലക്കയറിനു ചുറ്റും മരണത്തിന്റെ അംഗരക്ഷകരുടെ നിലയുറപ്പ്പിക്കല്‍ വേഗത്തില്‍..ആരാച്ചാരുടെ രംഗപ്രവേശം വേഗത്തില്‍...നിശ്ശബ്ദത മാത്രം വളരെ പതുക്കെയിഴയുന്ന ഒരു പാമ്പിനെപ്പോലെ ഭീതിപ്പെടുത്തി..അതിലൂടെ ഉയരുന്ന ചില പ്രാര്‍ത്ഥനകള്‍..

ആരും ഒന്നും മിണ്ടുന്നില്ല, മൗനം...മൗനം, മരണത്തിന്റെ അകമ്പടിയാകുന്നു. അയാള്‍ ഇതു കൂടിപ്പറഞ്ഞു..

'ഞാന്‍ എന്റെ ആത്മാവിനെ ബലിയായി ഈ ബലിപ്പെരുന്നാള്‍ ദിനത്തില്‍ ദൈവത്തിനു സമര്‍പ്പിക്കുന്നു, എനിക്കുള്ള ദൈവഹിതം രക്ത സാക്ഷിത്വമാണെങ്കില്‍ അതു നന്ദി പൂര്‍വ്വം സ്വീകരിക്കുന്നു..'

അതു പറഞ്ഞ്‌ നിലത്തിരുന്ന് ഒന്ന് കുനിഞ്ഞ്‌ അയാള്‍ മണ്ണിനെ ചുംബിച്ചു. നെറ്റി കൊണ്ടും ചുണ്ടു കൊണ്ടും നിലം സ്പര്‍ശിച്ച്‌ സാവധാനം തുറന്ന കണ്ണുകളുമായി അയാള്‍ എഴുന്നേറ്റു.

ആരെയും കൈയ്യില്‍ പിടിക്കുവാനനുവദിക്കാതെ, ആരെയും കൂസ്സാതെ അയാള്‍ നിന്നു. പറഞ്ഞു തീരാത്ത വാചകങ്ങള്‍ അയാളുടെ ചുണ്ടിലും ചെയ്തു തീരാത്ത പ്രവൃത്തികള്‍ അയാളുടെ കൈകളിലും വിതുമ്പി വിറച്ചുവോ?

കൊലക്കയര്‍ കഴുത്തില്‍ വീണതും അത്‌ മുറുകിയതും പാദങ്ങള്‍ ശൂന്യതയിലാവുന്നതും മുഴങ്ങുന്ന എന്തോ ഒരു ശബ്ദത്തോടെ ആ ശരീരം തൂങ്ങിയാടുന്നതും ഞാന്‍ നിര്‍ന്നിമേഷനായി നോക്കി നിന്നു. ഒരു പിടച്ചില്‍ പോലും പ്രകടിപ്പിക്കാതെ നിശ്ചലമായ ആ ശരീരം ധീരത കൊണ്ടുള്ള ഒരു ചോദ്യചിഹ്നമായി..എനിക്കാദ്യമായി ഒരല്‍പം ഭയം തോന്നി.


ഒരു വാക്കു പോലും ഉരിയാടാതെ ഈ നൂറ്റാണ്ടിന്റെ ബലിക്ക്‌ സാക്ഷ്യം വഹിച്ച്‌, അഭിമുഖം പൂര്‍ത്തിയാക്കിയ എനിക്ക്‌ പുറത്തേക്കുള്ള വഴി നിശ്ചയമില്ലായിരുന്നു. അതിനാരെങ്കിലും സഹായിക്കുമോ? ചുറ്റും നോക്കിയപ്പോള്‍ മുന്നില്‍ ചെറു പുഞ്ചിരിയുമായി ചുവന്ന മുഖമുള്ള പട്ടാളക്കാരന്‍..'മേ ഐ ഗോ ഔട്ട്‌..?' അയാളോടു ചോദിച്ചപ്പോള്‍ ശബ്ദം അല്‍പം കൂടിപ്പോയി. ആ ചോദ്യം കൊലയറയിലെ പ്രതിധ്വനികളില്‍ അതിഭീകരമായി തോന്നി. മരണം കണ്മുന്നില്‍ കണ്ടതിന്റെ ക്ഷോഭമോ, പുറത്തു വിടുന്നില്ലേ എന്ന ഭയമോ. സ്വയം വഴി തിരിച്ചറിയുവാന്‍ കഴിയാതെ പോയതിന്റെ ആശയക്കുഴപ്പമോ ഒക്കെക്കൂടി തന്നെ വിഭ്രമത്തിലാക്കിയിരുന്നു.


'ഷുവര്‍, യൂ ക്യാന്‍ ഗോ ഔട്ട്‌..!'

അയാളുടെ കൈയിലിരുന്ന കലാഷ്ണിക്കോവ്‌ തോക്കിന്റെ അഗ്രം എന്റെ നെറ്റിയിലേക്കുയരുന്നതും മുഖത്ത്‌ ചേര്‍ത്തു പിടിച്ചപ്പോള്‍ ഒരു വിയര്‍പ്പുതുള്ളി ഇടതു കണ്‍പുരികത്തില്‍ നിന്ന് താഴേക്കൊഴുകുന്നതും മനസ്സിലായി. ഒരു ശബ്ദത്തിന്റെ അകമ്പടിയോടെ ആ തോക്കില്‍ നിന്നല്‍പം പുക ഉയര്‍ന്നത്‌ ഞാനറിഞ്ഞോ?

'എന്റെ മരണം ഒരു അവസാന ബിന്ദുവല്ല'എന്ന് അപ്പോഴും അവിടൊക്കെ മുഴങ്ങിക്കേള്‍ക്കുന്നുണ്ടായിരുന്നു..!
-------------------------------------------------------------------------------------
-ചെറുകഥ - പാഥേയം ഓണ്‍ലൈന്‍ മാഗസിനില്‍ പ്രസിദ്ധീകരിച്ചത്..

No comments: