Thursday, May 7, 2009

പൊതു സേവകന്‍ പൌരനല്ലേ?

ക്രിമിനല്‍ പ്രൊസീഡിയര്‍ കോഡ്‌ 197 -ആം വകുപ്പ്‌ ഭരണഘടനാവിരുദ്ധമോ?

ലാവലിന്‍ കേസില്‍ അഡ്വക്കേറ്റ്‌ ജനറല്‍ ഉപദേശം നല്‍കുകയും അതനുസരിച്ച്‌ പൊതുസേവകനായിരുന്ന പിണറായി വിജയന്‍ എന്ന പ്രതിയെയും മറ്റ്‌ രണ്ട്‌ പ്രതികളെയും പറ്റി കേസ്‌ വിചാരണ ചെയ്യുന്നതിനുള്ള അനുമതി നിഷേധിക്കുകയും ചെയ്തിരിക്കുകയാണല്ലോ, ഇതൊരു തെറ്റായ കീഴ്‌വഴക്കം സൃഷ്ടിക്കുമെന്നതില്‍ തര്‍ക്കമില്ല, ഇടതു പക്ഷം ഈ നടപടി ആദ്യമായി ദുരുപയോഗം ചെയ്തു എങ്കിലും ഇനി ഈ ആനുകൂല്യം മുതലെടുക്കുക മറ്റു കക്ഷികള്‍ ആയിരിക്കും.

ക്രിമിനല്‍ നടപടി നിയമം 197 ആം വകുപ്പിലും അഴിമതി നിരോധന നിയമം 19 ആം വകുപ്പിലും പൊതു സേവകനെ വിചാരണ ചെയ്യണമെങ്കില്‍ സര്‍ക്കാരിന്റെ പ്രത്യേക അനുമതി വേണമെന്നാണു പറഞ്ഞിട്ടുള്ളത്‌, ഇതില്‍ അഴിമതി നിരോധന നിയമത്തില്‍ വിരമിച്ച പൊതു സേവകനെപ്പറ്റി പറഞ്ഞിട്ടില്ല, അത്തരം ആളുകള്‍ക്ക്‌ ആ നിയമപ്രകാരം അനുമതി ആവശ്യമില്ല എന്നാണര്‍ത്ഥം. എന്നാല്‍ ക്രിമിനല്‍ നടപടി നിയമത്തില്‍ പറയുന്നത്‌ ഇങ്ങനെയാണ്‌. "197(1) എപ്പോഴെങ്കിലും, ഒരു ജഡ്ജിയോ, മജിസ്ട്രേട്ടോ, പൊതു സേവകനോ ആയിരുന്ന തോ, ആയിട്ടുള്ളതോ ആയ ഒരാള്‍ക്കെതിരെ, അയാളെ സര്‍ക്കാരിന്റെ അനുമതിയോടെയല്ലാതെ ജോലിയില്‍ നിന്നു നീക്കം ചെയ്യുവാനാവുകയില്ല എന്നിരിക്കല്‍, അങ്ങനെ ഒരാളിനെതിരെ, ഒഫീഷ്യല്‍ ഉത്തരവാദിത്തം നടത്തുന്നതിനിടയിലോ, അങ്ങനെ വിചാരിച്ചു ചെയ്യുന്ന ജോലിക്കിടയിലോ ഏതെങ്കിലും കുറ്റകൃത്യം ചെയ്തതായി ആരോപിക്കപ്പെടുന്ന പക്ഷം ,ഒരു കോടതിയും അത്തരം കേസുകള്‍ സര്‍ക്കാരിന്റെ മുന്‍ കൂര്‍ അനുമതി കൂടാതെ വിചാരണ ചെയ്യുവാന്‍ പാടുള്ളതല്ല“ തുടര്‍ന്ന് 197(1) (എ) മുതല്‍ 4 ആം ഉപവകുപ്പ്‌ വരെ ഇത്തരം ചില സംരക്ഷണങ്ങള്‍ എങ്ങനെ നല്‍കാമെന്ന് നിര്‍ദ്ദേശിച്ചിരിക്കുകയാണ്‌. അഴിമതി നിരോധന നിയമത്തില്‍ 19-ആം വകുപ്പിലും ഈ സംരക്ഷണം പൊതു സേവകര്‍ക്ക്‌ നല്‍കിയിരിക്കുന്നു.

ഇത്തരം കാര്യങ്ങള്‍, ഇതേവരെ ഉണ്ടായിരുന്ന കീഴ്‌വഴക്കം അനുസരിച്ച്‌ ഈ വകുപ്പ്‌ പ്രകാരമുള്ള ഒരു ഫോര്‍മല്‍ നടപടി മാത്രമായിരുന്നു, ഒരു കേസ്‌ വന്നു പെട്ടാല്‍ സാംക്‌ ഷന്‍ ഒരു പ്രശ്നമാകാറില്ല, അത്‌ സാധാരണമായി സര്‍ക്കാരുകള്‍ അന്വേഷണത്തെയോ വിചാരണയെയോ തടസ്സപ്പെടുത്താതെ നല്‍കുകയാണ്‌ പതിവ്‌. ഇങ്ങനെ ഒരു കടമ്പ എന്ന് ഒരു അന്വേഷണ ഏജന്‍സിക്കും ഇതേവരെ ഫീല്‍ ചെയ്തിട്ടുണ്ടാവില്ല. എന്നാല്‍ ലാവ്‌ ലിന്‍ ആ കീഴ്‌വഴക്കം അട്ടിമറിച്ചു, അല്ലെങ്കില്‍ രാഷ്ട്രീയക്കാര്‍ ഈ തരത്തില്‍ ഒരു ഓപ്ഷന്‍ ഇതേവരെ പഠിച്ചിരുന്നില്ല!സുധാകരപ്രസാദിനു നന്ദി!

അന്‍പത്‌ രൂപ കൈക്കൂലി വാങ്ങി എന്ന ആരോപണത്തിനു അഞ്ചു വര്‍ഷം തടവു ശിക്ഷയും ജോലി നഷ്ടപ്പെടുകയും മാനക്കേട്‌ അനുഭവിക്കുകയും ചെയ്ത ഒരു പാട്‌ പേരുടെ കഥകള്‍ വിജിലന്‍സ്‌ കോടതികളില്‍ കേള്‍ക്കാം, വിധി പ്രസ്താവനകളിലെ ക്രൂരത അഭിഭാഷക വൃന്ദങ്ങളില്‍ പല തവണ ചര്‍ച്ച ചെയ്യപ്പെട്ടിരിക്കുന്നു, അവരൊക്കെ ഒരു പക്ഷേ അത്താഴപ്പട്ടിണി കൊണ്ടാവാം ആരെങ്കിലും നീട്ടുന്ന അന്‍പത്‌ രൂപയോ, നൂറുരൂപയോ ഒരു സന്തോഷത്തിന്റെ പേരില്‍ വാങ്ങുന്നത്. തെറ്റല്ലെന്നല്ല, ഇത് പോലൂള്ള കേസുകളിലെ വിവേചനത്തിന്റെ കാഠിന്യം ചൂണ്ടിക്കാട്ടുവാന്‍ പറഞ്ഞതാണ്. ഇങ്ങനെയുള്ള സര്‍ക്കാര്‍ അനുമതി ഒരുപക്ഷേ മന്ത്രിസഭയില്‍ ആരും തന്നെ അറിയാതെ ആവും നല്‍കപ്പെടുക! തന്നെയുമല്ല, വിചാരണ സമയത്ത്‌ സര്‍ക്കാരനുമതിയില്ല എന്ന വാദം വേണമെങ്കില്‍ കോടതികള്‍ തള്ളിക്കളയുക പോലും ചെയ്യാറുണ്ട്‌.എന്തായാലും ആരോപണം ഉന്നയിക്കപ്പെട്ടാല്‍ നിരപരാധിത്വം തെളിയിക്കേണ്ടതിന്റെ ബാധ്യത പ്രതിക്കാണ്‌ എന്ന രീതിയിലാണ്‌ ഇവിടെ അഴിമതിക്കേസുകള്‍ ഇതേവരെ വിചാരണ നടത്തിവന്നത്‌.
ആ രീതി തന്നെ അട്ടിമറിച്ചാണ്‌ ഇപ്പോള്‍ ഇടതു സര്‍ക്കാര്‍ ഒരു പുതിയ കീഴ്‌വഴക്കം കൊണ്ടുവന്നത്‌, സാങ്കേതികമായോ, നിയമപരമായോ ഒരു തെറ്റ്‌ ചെയ്തു എന്ന് പറയാനാവില്ല, എങ്കിലും, ഈ കീഴ്‌വഴക്കത്തിന്റെ ലംഘനം ഇനി ആരൊക്കെ [ദുരു]ഉപയോഗിക്കും എന്ന് നാം ഭയപ്പെടുക തന്നെ വേണം.

അങ്ങനെ ചിന്തിക്കുമ്പോഴാണ്‌, ഈ വകുപ്പുകളുടെ ഭരണ ഘടനാപരമായ സാധുത നാം ചിന്തിക്കുന്നത്‌. ഭാരത ഭരണഘടന 14 ആം ആര്‍ട്ടിക്കിളില്‍ പറഞ്ഞിരിക്കുന്ന, ഇക്വാളിറ്റി, (തുല്യത) യുടെ ലംഘനമാണ്‌ ഈ പ്രത്യേകാനുമതിക്കുള്ള വകുപ്പുകള്‍ എന്ന വാദത്തിനു കഴമ്പുണ്ട്‌. കാരണം ആര്‍ട്ടിക്കിള്‍ 14 പറയുന്നത്‌ നോക്കൂ, "നിയമത്തിനു മുന്‍പാകെ സമത്വം - രാഷ്ട്രം, ഭാരതത്തിന്റെ ഭൂപ്രദേശത്തിനകത്ത്‌ യാതൊരാള്‍ക്കും നിയമത്തിന്റെ മുന്‍പാകെ സമത്വമോ നിയമങ്ങളുടെ സമമായ സംരക്ഷണമോ നിഷേധിക്കുവാന്‍ പാടുള്ളതല്ല". ഇത്‌ നമുക്ക്‌ നിര്‍ദ്ദേശിക്കപ്പെട്ടിട്ടുള്ള മൗലിക അവകാശമാകുന്നു, അങ്ങനെ വരുമ്പോള്‍ പൊതു സേവകന്‍ എന്ന നിര്‍വ്വചനത്തില്‍ വരുന്ന ഒരാള്‍ ഈ നിര്‍വ്വചനത്തിന്റെ പരിധിയില്‍ വരുന്നില്ല എന്നു കാണാം. ഈ ഉള്‍ക്കാഴ്ച ഇനി ഉണ്ടാവേണ്ടത്‌ നമ്മുടെ ന്യായാധിപന്മാര്‍ക്കാണ്‌. ഈ ഭരണഘടനാ മൗലികാവകാശത്തിനു യാതൊരു ഒഴിവുകളും [exceptions]നല്‍കിയിട്ടില്ല എന്നത്‌ ശ്രദ്ധേയമാണ്‌, അതിനര്‍ത്ഥം എല്ലാ പൗരന്മാരെയും നിയമത്തിനു മുന്നില്‍ സമന്മാരായി കാണുന്ന കാര്യത്തില്‍ ഒരു വിട്ടുവീഴ്ചയ്ക്കും ഭരണഘടന ഇടം നല്‍കുന്നില്ല എന്നു തന്നെയാണ്‌.

ക്രിമിനല്‍ നടപടി നിയമം 197 ആം വകുപ്പും അഴിമതി നിരോധനനിയമം 19 ആം വകുപ്പും ഈ ഭരണഘടനാ പരമായ മൗലികാവകാശത്തിനു വിരുദ്ധമായാണു നിലകൊള്ളുന്നത്‌ എന്നതിനു ഇതിലും വലിയ എന്ത്‌ വാദമുഖമാണ്‌ ബഹുമാനപ്പെട്ട കോടതികള് ‍മുമ്പാകെ ഉന്നയിക്കേണ്ടത്‌?

ഇതു കൂടാതെ മറ്റൊന്ന് ഉള്ളത്‌ ക്രിമിനല്‍ നടപടി നിയമത്തിലെയും അഴിമതി നിരോധന നിയമത്തിലെയും വകുപ്പുകളുടെ ലെജിസ്ലേറ്റീവ്‌ ഇന്റെന്‍ഷന്‍ [Legislative intention]പരിശോധിക്കുകയാണ്‌, തീര്‍ച്ചയായും ഈ വകുപ്പുകള്‍ ചേര്‍ക്കുമ്പോള്‍ നിയമ രൂപകര്‍ത്താക്കള്‍ക്ക്‌ ഒരു ഉദ്ദേശ്യം ഉണ്ടാവണം, അതെന്തായിരിക്കും? ഈ വകുപ്പുകളുടെ യഥാര്‍ത്ഥ ഉദ്ദേശ്യം ഒരു നിയമാനുസൃത, അല്ലെങ്കില്‍ നിയുക്ത ജോലിയുടെ ഭാഗമായ ഒരു നടപടി, ക്രിമിനല്‍ കേസില്‍ അനാവശ്യമായി ചോദ്യം ചെയ്ത്‌ ആ ജോലിയുടെ നിര്‍വ്വഹണത്തെ ബാധിക്കരുത്‌ എന്നുള്ളതാണ്‌, അല്ലാതെ ഒരു വിചാരണ ഒഴിവാക്കപ്പെടുകയല്ല. ഇവിടെ ഈ വകുപ്പിന്റെ ആനുകൂല്യം ഉപയോഗിച്ച ഒരു വിചാരണ ഒഴിവാക്കപ്പെടുന്നു. ഇത്‌ ലെജിസ്ലേറ്റീവ്‌ ഇന്‍ റ്റെന്‍ഷനു വിരുദ്ധമായ സംഗതിയാകുന്നു, അങ്ങനെ ഈ വകുപ്പുകള്‍ ആവശ്യമില്ലാതെ ആശയക്കുഴപ്പം വിളിച്ചു വരുത്തുന്ന ഒന്നായി മാറിയിരിക്കുന്നു. ഇത്തരം ആംബിഗ്വിറ്റി കള്‍ [ambiguities]ഭരണഘടനാ വിരുദ്ധവും ആ നിയമത്തിന്റെ തന്നെ നിലനില്‍പ്പിനെ ബാധിക്കുന്നതുമാണ്‌.
പിന്നെയുമെങ്ങനെ ഈ വകുപ്പുകള്‍ നിലനി നില്‍ക്കുന്നു?

അഡ്വക്കെറ്റ്‌ ജനറല്‍ ഒരു കാര്യത്തെപ്പറ്റി ഉപദേശം നല്‍കുന്നത്‌ തെറ്റല്ല, ആ കാര്യത്തോട്‌ അദ്ദേഹത്തിന്റെ നിലപാട്‌ അഥവാ വാദമുഖങ്ങള്‍ നിയമ വിധേയമായി ഉന്നയിക്കുന്നതിലും തെറ്റില്ല, നിയമം വിവിധ രീതിയില്‍ വ്യാഖാനിക്കാമല്ലോ. എന്നാല്‍ വിചാരണ നടക്കുവാനിരിക്കുന്ന ഒരു കേസില്‍ അഡ്വക്കേറ്റ്‌ ജനറല്‍ വിധിയെ സ്വാധീനിക്കാവുന്ന വിധത്തില്‍ ഒരു പഠനം നടത്തി പ്രസ്താവന ഇറക്കാമോ എന്നതാണ്‌ ഈ കേസിനെ സംബന്ധിച്ചിടത്തോളം അഡ്വക്കേറ്റ്‌ ജനറലിന്റെ ഭാഗത്തു നിന്നു സംഭവിച്ച വീഴ്ച. ഇതിനു ഒരു മറുവശവുമുണ്ട്, എന്തു കൊണ്ട്‌ അനുമതി നല്‍കേണ്ടതില്ല എന്നു വിശദീകരിക്കേണ്ടി വരുമ്പോള്‍ കേസിലെ പ്രതിയുടെ സാംഗത്യം പരിശോധിക്കാനോ അഭിപ്രായം പറയുവാനോ സാധിക്കില്ല എന്നു പറയുവാനും പറ്റുന്നില്ല, അത്‌ ഒരു അഭിപ്രായമെന്ന നിലയിലല്ലാതെ മറ്റൊരു രീതിയിലും കേസിനെ ബാധിക്കേണ്ടതുമില്ലല്ലോ, ഈ സാധ്യത വളരെ വിദഗ്ധമായി അഡ്വക്കേറ്റ് ജനറല്‍ ഉപയോഗിച്ചിരിക്കുന്നു എന്നേ അപ്പോള്‍ പറയുവാനാവൂ.

അതുകൊണ്ട്‌ ഈ നടപടികളോട്‌ എതിര്‍പ്പുള്ളവര്‍ ചെയ്യേണ്ടത്‌ ഇക്കാര്യങ്ങളെല്ലാം ചൂണ്ടിക്കാട്ടി, പൊതു ജന ഹിതാര്‍ത്ഥം ഒരു ഹര്‍ജി കോടതിയില്‍ നല്‍കുകയാണ്‌. ഹര്‍ത്താലിനാഹ്വാനം ചെയ്ത്‌ തങ്ങളുടെ ഊഴം വരുവാന്‍ കാത്തിരിക്കുന്ന രാഷ്ട്രീയ കക്ഷികള്‍ക്ക്‌ ഇതൊന്നും സാധിച്ചേക്കില്ല.പക്ഷേ രാഷ്ട്രീയ സംഘടനയുടെ പിന്‍ബലത്തില്‍ അഴിമതിയില്‍ കടിച്ചു തൂങ്ങുവാന്‍ സഹായിക്കുന്ന ഈ വകുപ്പുകള്‍ അടിയന്തിരമായി റദ്ദാക്കുകയോ പരിഷ്കരിക്കുകയോ ചെയ്യേണ്ടിയിരിക്കുന്നു എന്നത് ജനങ്ങളുടെ ആവശ്യമാണ്. ഇപ്പോഴത്തെ അവസ്ഥയില്‍ അഡ്വക്കേറ്റ്‌ ജനറലോ, കേരള സര്‍ക്കാരോ കുറ്റക്കാരാണെന്ന് നിയമപരമായി നിര്‍വ്വചിക്കുവാന്‍ സാധ്യമല്ല തന്നെ.നമുക്ക് അത്തരം വിഴുപ്പലക്കലുകള്‍ അല്ല ആവശ്യം.

8 comments:

അങ്കിള്‍ said...

വലിയ ദിവാനേ,

നമ്മുടെ സര്‍ക്കാരിനു കീഴില്‍ ഒരു നിയമ വകുപ്പില്ലേ. ഇക്കാര്യം തീരുമാനിക്കാന്‍ യോഗ്യതയുള്ള ആരും അവിടില്ലേ. അതോ ഒരു രാഷ്ട്രീയ തല്പരനായിട്ടുള്ള വക്കീല്‍ തന്നെ വേണോ ഇതിനുള്ള് ഉപദേശം നല്‍കാന്‍. അതിന്റെ വകുപ്പുകള്‍ എവിടെയാണുള്ളത്.

നോക്കു കുത്തികളാക്കി ഒരു നിയമവകുപ്പിനെ എന്തിനു വച്ചു പുലര്‍ത്തുന്നു.

Thomas said...

When supports are there in the street to handle everyone who oppose their leaders. The Leaders are free to do anything and everything. Then who should they fear for

Django said...

There is a Law Dept. in the Govt.which gives advice to the Govt on normal legal issues. But Govt can consult the Advocate General, in more complicated cases like the issue in question, for advice. The Advocate General is supposed to provide only a legal opinion to the Govt on which it can act upon. The present advice however does seem biased and not in accordance with the sanctity of the AGs office.

അങ്കിള്‍ said...

How do you come to the conclusion that the present one is complicated?
Did the law dept. advise so?

Tom, dick and harry are not competent to decide the complicity of the case in question

അങ്കിള്‍ said...

വലിയ ദിവാനേ,

ഓരോ പ്രാവശ്യം വന്നു വായിക്കുമ്പോഴും കൂടുതല്‍ കൂടുതല്‍ അര്‍ത്ഥവ്യാപ്തി താങ്കളുടെ വാചകങ്ങള്‍ക്ക് ഉള്ളതായി തോന്നുന്നു. തീര്‍ച്ചയായും മനസ്സിരുത്തി വായിച്ച് പഠിക്കേണ്ട ഒരു പോസ്റ്റാണിത്.

നന്ദിയും അഭിനന്ദനങ്ങളും.

ആവശ്യമുള്ളിടങ്ങളിലെല്ലാം ഈ പോസ്റ്റിന്റെ ലിങ്ക് കൊടുക്കുന്നതില്‍ എതിര്‍പ്പില്ലെന്നു വിശ്വസിക്കട്ടെ.

അങ്കിള്‍ said...

വലിയ ദിവാനേ,
വീണ്ടും വരേണ്ടി വന്നു. ഈ റിപ്പോര്‍ട്ട് ഒന്നു വായിക്കണേ. ഡിസമ്പര്‍ 6 ലെ ഒരു സുപ്രീം കോടതി വിധിയെ പറ്റിയാണ്. ജനസേവകനെതിരെ അഴിമതികേസ് രജിസ്റ്റര്‍ ചെയ്യാന്‍ ആരുടേയും അനുവാദം വേണ്ടെന്നാണല്ലോ ആ വിധി. “doctrine of state immunity“ ബാധകമാവില്ല എന്നു എടുത്തു പറഞ്ഞിട്ടുള്ളതായും കാണുന്നു.

താങ്കളുടെ വിലയേറിയ അഭിപ്രായം അറിയാന്‍ താല്പര്യമുണ്ട്.

അങ്കിള്‍ said...

I am very sorry, I omitted to give the link. Here is the link:
http://www.liveindia.com/news/2i.html

അങ്കിള്‍ said...

വലിയ ദിവാനോടൊരു ഉപദേശം തേടുന്നു,
ഭരണഘടനയുടെ ആര്‍ട്ടിക്കില്‍ 151 പ്രകാരം സംസ്ഥാനത്തെ ആണ്ടോടാണ്ടുള്ള കണക്കുകളെപറ്റിയുള്ള സി.ഏ.ജി റിപ്പോര്‍ട്ട് ഗവര്‍ണര്‍ക്ക് സമര്‍പ്പിക്കണം. ഗവര്‍ണര്‍ അതിനെ നിയമസഭയുടെ മേശപ്പുറത്ത് വക്കണം.

എന്നാള്‍ ഇവിടുത്തെ കീഴ്വഴക്കം, സംസ്ഥാന അക്കൌണ്ടന്റ് ജനറല്‍ സി.ഏ.ജി ക്ക് വേണ്ടി സംസ്ഥാനത്തെ കണക്കുകളുടെ റിപ്പോര്‍ട്ട് എല്ലാകൊല്ലവും സംസ്ഥാന സര്‍ക്കാരിനെ (ധനവകുപ്പ്) ഏള്‍പ്പിക്കുകയാണ് പതിവ്. സംസ്ഥാന സര്‍ക്കാര്‍ ഗവര്‍ണ്ണരുടെ അനുമതിയോടെ ആ റിപ്പോര്‍ട്ട് നിയമ സഭയില്‍ വക്കുന്നു.

ഇവിടുത്തെ പ്രശ്നം ഇതാണ്. സംസ്ഥാന സര്‍ക്കാര്‍ ഉടന്‍ തന്നെ നിയമസ്ഭയുടെ മേശപ്പുറത്ത് ആ റിപ്പോര്‍ട്ട് വക്കാന്‍ താല്പര്യമെടുക്കുന്നില്ല. സി.ഏ.ജി റിപ്പോര്‍ട്ട് കിട്ടുമ്പോള്‍ നിയമസഭാ സമ്മേളനം നടക്കുകയാണെങ്കിലും, അപ്പോള്‍ തന്നെ മേശപ്പുറത്തു വക്കുവാനുള്ള അനുമതി ഗവര്‍ണറില്‍ നിന്നും വാങ്ങാതെ, സംസ്ഥാനസര്‍ക്കാരിനു സൌകര്യമുള്ള നിയമസ്ഭാ സമ്മേളന സമയത്ത് വക്കാനേ ഗവര്‍ണ്ണറോട് അനുമതി വാങ്ങുന്നുള്ളൂ. അതു കൊണ്ട് റിപ്പോര്‍ട്ടിന്റെ ഉള്ളടക്കം പൊതുജനങ്ങളറിയാന്‍ താമസമെടുക്കുന്നു.

എന്റെ സംശയം ഇതാണ്. ഭരണഘടനാ സ്ഥാപനമായ സി.ഏ.ജിക്ക് തന്റെ റിപ്പോര്‍ട്ട് ഗവര്‍ണ്ണര്‍ക്ക് നേരിട്ട് സമര്‍പ്പിച്ചു കൂടേ. ലാവലിന്‍ കേസില്‍ സി.ബി.ഐ. ഗവര്‍ണ്ണരോട് നേരിട്ട് അനുമതി ചോദിച്ചതു പോലെ. സംസ്ഥാന സര്‍ക്കാരിന്റെ ഇടനില ആവശ്യമുണ്ടോ.