അന്താരാഷ്ട്ര കരാറുകളില്‍ രാഷ്ട്രത്തെ കൊണ്ടെത്തിക്കുന്നതിനു പാര്‍ലമെന്റിന്റെ അനുമതി ആവശ്യമില്ലെന്ന കീഴ് വഴക്കം തിരുത്തിക്കുറിക്കുവാന്‍ ആണവകരാര്‍ വഴിയൊരുക്കുമെന്ന് കരുതാവുന്നതാണ്. ആയതിനു ഭരണഘടനയുടെ അനുച്ഛേദം 353 ഭേദഗതി ചെയ്യണമെന്നാണ് പല പ്രമുഖരും ആവശ്യപ്പെടുന്നത്.
പ്രധാനമന്ത്രിയും മന്ത്രിസഭയും എടുക്കുന്ന തീരുമാനങ്ങളുടെ അടിസ്ഥാനത്തില്‍ അന്താരാഷ്ട്ര കരാറുകളില്‍ ഏര്‍പ്പെടുന്ന കീഴ് വഴക്കം തുടങ്ങിയത് ജവഹര്‍ ലാല്‍ നെഹ് റു പ്രധാനമന്ത്രിയായിരുന്ന കാലത്താണ്. അന്നൊക്കെ പാര്‍ലമെന്റിന്റെ അനുമതി എന്നത് ഒരു പ്രശ്നമേ ആയിരുന്നില്ല, കാരണം മൂന്നില്‍ രണ്ടിനടുത്ത് ഭൂരിപക്ഷത്തിലായിരുന്നു മന്ത്രിസഭകള്‍ നില നിന്നിരുന്നത്. ഒപ്പിട്ട കരാറുകള്‍ക്ക് അനുസൃതമായിട്ട് നിയമങ്ങള്‍ നടപ്പില്‍ വരുത്തുക എന്നത് ഒരു സാധാരണ നടപടി ആയിരുന്നു. ഇന്നും ഭൂരിപക്ഷം ഉറപ്പുള്ളപ്പോള്‍ ഈ കീഴ് വഴക്കം പരിക്കേല്‍ക്കാതെ രക്ഷപെട്ടേക്കാം.
ഭരണഘടന ഇക്കാര്യത്തില്‍ എക്സിക്യൂട്ടിവിനെ അധികാരപ്പെടുത്തിയിട്ടില്ല എന്നതാണ് വാസ്തവം. അന്താരാഷ്ട്ര കരാറുകളില്‍ ഏര്‍പ്പെടുവാന്‍ തീരുമാനിക്കുന്നതിനു എക്സിക്യൂട്ടീവിനു അധികാരമുണ്ട്. എന്നാല്‍ അത്തരം കരാറുകളില്‍ ഒപ്പിടുന്നതിന് എക്സിക്യൂട്ടീവിനെ ഭരണഘടന അനുവദിക്കുന്നുന്നില്ല. ഈ അവസ്ഥയിലാണ് മേല്പറഞ്ഞ കീഴ് വഴക്കം ഭരണഘടനാലംഘനമാണ് എന്ന് തിരിച്ചറിയുന്നത്.
ഭരണഘടനയുടെ 53,73,253,246 എന്നീ അനുച്ഛേദങ്ങളും യൂണിയന് ലിസ്റ്റില്‍ ഇനം 14-ഉം പരിശോധിക്കുമ്പോള്‍ ഈ വിവരം നമുക്ക് മനസ്സിലാകും. അന്‍പത്തിമൂന്നാം അനുച്ഛേദപ്രകാരം യൂണിയന്റെ നിര്‍വ്വാഹകാധികാരം(ഒപ്പിടുന്നതിനും മറ്റുമുള്ള) രാഷ്ട്രപതിയില്‍ നിക്ഷിപ്തമാണ്. എന്നാല്‍ ഈ ചുമതലകള്‍ പ്രത്യേക നിയമം മൂലം രാഷ്ട്രപതിയല്ലാത്ത അധികാരസ്ഥാനങ്ങള്‍ക്ക് നല്‍കാവുന്നതാണ്.എഴുപത്തിമൂന്നാം അനുച്ഛേദത്തില്‍ യൂണിയന്റെ നിര്വ്വാഹകാധികാരത്തിന്റെ വ്യാപ്തി എവിടെ വരെയെന്ന് നിര്‍വ്വചിക്കുന്നു. ഇത് പാര്‍ലമെന്റിനു നിയമ നിര്‍മ്മാണം നടത്തുന്നതിന് അധികാരമുള്ള വിഷയങ്ങളിലും, ഏതെങ്കിലുമൊരു സന്ധിയുടെയോ ഉടമ്പടിയുടെയോ ബലത്തില്‍ സര്‍ക്കാരിനു പ്രയോഗിക്കാവുന്ന അധികാരമോ അവകാശമോ വരെയും ഉപയോഗിക്കാമെന്ന് നിഷ്കര്ഷിച്ചിരിക്കുന്നു.ഇതിലാണ് പ്രധാന ചോദ്യം ഉയരുന്നത്. അതായത് ഒരു അന്താരാഷ്ട്ര കരാറില്‍ ഒപ്പിടുന്നത് സംബന്ധിച്ച് നിയമ നിര്‍മ്മാണം നടത്തുവാനോ, ആ അധികാരമുപയോഗിച്ച് എക്സിക്യൂട്ടീവിന് കരാറുകളില്‍ ഒപ്പിടുവാനോ അധികാരമുണ്ടോ എന്ന ചോദ്യം.
അനുച്ഛേദം 253 അന്താരാഷ്ട്ര കരാറുകള്‍ പ്രാബല്യത്തില്‍ വരുത്തുന്നതിനു വേണ്ട നിയമ നിര്‍മ്മാണം നടത്തുവാന്‍ പാര്‍ലമെന്റിനെ അനുവദിക്കുന്നു. ഇതു കൂടാതെ പാര്‍ലമെന്റിനു നിയമരൂപീകരണം നടത്തുവാന്‍ കഴിയുന്ന കാര്യങ്ങള്‍ ഏതൊക്കെ എന്ന് വിശദമാക്കുന്ന അനുച്ഛേദം 246 അനുസരിച്ചുള്ള യൂണിയന് ലിസ്റ്റില്‍ വിദേശരാജ്യങ്ങളുമായി കരാറുകളിലോ സന്ധികളിലോ ഏര്‍പ്പെടുന്നതിനെ ക്കുറിച്ചുള്ള നിയമരൂപീകരണത്തിനുള്ള അധികാരം പാര്‍ലമെന്റിനാണ് എന്ന് പതിനാലാമത് ഇനമായി നിര്‍ദ്ദേശിച്ചിട്ടുണ്ട്. ഇതില്‍ കരാറില്‍ ഒപ്പിടുന്നതിനെ സംബന്ധിച്ചുള്ള യാതൊരു നിയമരൂപീകരണവും അനുവദിക്കുന്നില്ല. അതിനര്‍ത്ഥം കരാറില്‍ ഏര്‍പ്പെടുന്നതിനെ സംബന്ധിച്ചുള്ള തീരുമാനം എക്സിക്ക്യൂട്ടീവിന് എടുക്കാമെങ്കില്‍ കൂടി, കരാറില്‍ ഒപ്പിടുവാന്‍ എക്സിക്ക്യൂട്ടീവിന് അധികാരമില്ലെന്നാണ്. എന്തെന്നാല്‍ അന്താരഷ്ട്ര കരാറുകളില്‍ ഒപ്പിടുന്നതിനുള്ള നിയമ നിര്‍മ്മാണം നടത്തുന്നതിനുള്ള അധികാരം പ്രത്യേകം വകുപ്പുകളിലൂടെ പാര്‍ലമെന്റിനു നല്‍കിയിട്ടില്ല എന്നതു തന്നെ.
അനുച്ഛേദം 248(2) ല്‍ പറയുന്നത് പോലെ റസിഡ്യുറി പവ്വര്‍ ഉപയോഗിക്കാമോ ഇത്തരം കാര്യങ്ങളില്‍ എന്നത് പരിശോധിക്കേണ്ടതാണ്.കാരണം റസിഡ്യുറി അധികാരം, സ്റ്റേറ്റ് ലിസ്റ്റിലോ കണ്‍കറന്റ് ലിസ്റ്റിലോ വരാത്ത കാര്യങ്ങളില്‍ പാര്‍ലമെന്റിനു നിയമം നിര്‍മ്മിക്കുവാനുള്ള സാഹചര്യമാണ് ഒരുക്കുന്നത്. ഇവിടെ സാഹചര്യങ്ങള്‍ പ്രകാരം ഒരു അന്താരാഷ്ട്ര കരാറില്‍ ഏര്‍പ്പെടുന്നതിനുള്ള തീരുമാനം എക്സിക്ക്യൂട്ടീവിന് എടുക്കാമെങ്കിലും ഒപ്പിടുന്നതിനുള്ള അധികാരത്തിന്റെ കാര്യത്തില്‍ ഭരണഘടന ബോധപൂര്‍വ്വം മൗനം പാലിക്കുന്നു. തന്നെയുമല്ല, അന്താരാഷ്ട്ര കരാര്‍ പ്രകാരം നിയമനിര്‍മ്മാണത്തിനുള്ള അധികാരം പാര്‍ലമെന്റിനു നല്‍കുകയും ചെയ്തിരിക്കുന്നു.
അതിനര്‍ത്ഥം റസിഡ്യുറി അധികാരം ഉപയോഗിച്ചുള്ള നിയമനിര്‍മ്മാണാധികാരം എക്സിക്യൂട്ടീവിന് നിര്‍വ്വഹണാധികാരം നല്‍കുന്നില്ല എന്നാണ്.നിയമനിര്‍മ്മാണത്തിനുള്ള തുറന്ന അധികാരം പറയുന്ന കാര്യങ്ങളില്‍ മാത്രമാണ് എക്സിക്യൂട്ടിവിനുള്ള അധികാരമെന്ന് 73(എ) അനുച്ഛേദം വ്യാഖ്യാനിക്കാം. ഈ അവസ്ഥ നമ്മുടെ ഭരണഘടനാ വിദഗ്ദ്ധര്‍ മനസ്സിലാക്കിയതില്‍ പിഴവുണ്ട്. അതുകൊണ്ടാവണം പാര്‍ലമെന്റിന്റെ അനുവാദമില്ലാതെ അന്താരാഷ് ട്ര കരാറുകളില്‍ ഏര്‍പ്പെടുവാന്‍ നെഹൃവിന്റെ കാലത്ത് തീരുമാനങ്ങളുണ്ടായതും അത് ഒരു രാഷ്ട്രത്തിന്റെ ഭരണഘടനാതീതമായ കീഴ്വഴക്കമായി മാറിയതും. അന്ന് ഇത്തരം തീരുമാനങ്ങള്‍ എടുക്കുവാന്‍ മന്ത്രിസഭയ്ക്ക് കഴിഞ്ഞിരുന്നത് സഭയില്‍ ഉണ്ടായിരുന്ന മൃഗീയ ഭൂരിപക്ഷവും ആകാം.
കീഴ് വഴക്കം അനുസരിച്ച് സാങ്കേതിക ഭൂരിപക്ഷം മാത്രമുള്ള സര്‍ക്കാര്‍ കരാറില്‍ ഒപ്പിടുവാന്‍ തിരുമാനിക്കുകയും അധികാരമില്ലാതെ ഒപ്പിടുകയും ചെയ്യുമ്പോള്‍ ഇനി ഒരു നിയമനിര്‍മ്മാണം അസാധ്യമാകുന്ന ഘട്ടത്തില്‍ ഇന്ത്യയുടെ വിശ്വാസ്യത ലോകരാഷ്ട്രങ്ങളുടെ ഇടയില്‍ എന്തായിത്തീരുമെന്ന് നമുക്ക് ഊഹിക്കാവുന്നതേയുള്ളു. അമേരിക്കയുമായുള്ള ആണവ കരാറില്‍ ഒപ്പു വച്ചതിനുശേഷം കരാര്‍ പ്രകാരം ഇന്ത്യയിലെ ആണവ സ്ഥാപനങ്ങളെ തരം തിരിക്കുന്നതിനും അവയ്ക്ക് മേല്‍ പരിശോധനയ്ക്ക് ഉള്ള അധികാരം വിദേശ ഏജന്‍സിയെ ഏല്പിക്കുകയും ചെയ്യുന്നതിന് അനുരൂപമായ നിയമ നിര്‍മ്മാണം നടത്തുന്നതിനു കഴിയാതെ വരുന്ന സാഹചര്യം ഇതിനു മുന്‍ കൂറായി പാര്‍ലമെന്റിന്റെ അനുമതിയോ, നിയമരൂപീകരണമോ നടത്തിയിരുന്നുവെങ്കില്‍ ഒഴിവാക്കപ്പെടുമായിരുന്നു. അപ്പോള്‍ ഇനി വരുന്ന സര്‍ക്കാരുകള്‍ക്കും അല്ലെങ്കില്‍ പാര്‍ലമെന്റിനു തന്നെയും നിയമാനുസൃതമായല്ലാതെ കരാറിനു വിരുദ്ധമായി ഒന്നും ചെയ്യുവാനാകുമായിരുന്നില്ല.
നമ്മള് ഭരണഘടന യഥാവിധി നടപ്പാക്കുവാന്‍ ഇനിയും പഠിക്കേണ്ടിയിരിക്കുന്നു. മൂന്നില്‍ രണ്ട് ഭൂരിപക്ഷമുണ്ടായിരുന്ന കാലത്തെ കീഴ് വഴക്കങ്ങളില്‍ നിന്നും സാങ്കേതിക ഭൂരിപക്ഷം മാത്രമുള്ള സാഹചര്യങ്ങളിലേക്ക് ഭരണഘടനയെ വ്യാഖ്യാനിക്കുവാന്‍ നമ്മുടെ പാര്ലമെന്റേറിയന്മാര്ക്ക് കഴിയണം. എങ്കിലേ ഭരണഘടനയുടെ അന്തസ്സത്ത പാലിച്ചു കൊണ്ടുള്ള ഒരു ഭരണം സാധിക്കൂ.
Sunday, September 7, 2008
Subscribe to:
Post Comments (Atom)
4 comments:
വളരെ പ്രസക്തമായ പോസ്റ്റ്.
സാമാന്യ ബുദ്ധി ഉപയോഗിച്ച് ചിന്തിച്ചാല്‍ (പോലും) പാര്‍ലിമെന്റ് തന്നെയായിരിക്കണം ആത്യന്തികമായി തീരുമാനമെടുക്കേണ്ടത്. അതിനെ സൈഡ് സ്റ്റെപ് ചെയ്യാനുള്ള ഏത് നീക്കവും ദോഷകരമായിരിക്കും. ജനങ്ങളുടെ പ്രതിനിധികളില്‍ നിന്നു പോലും ഒരു കരാറിന്റെ പല വിശദാംശങ്ങളും മറച്ചുവെക്കുകയും, ഒരു തരം രഹസ്യാത്മകത പുലര്‍ത്തുകയും ചെയ്യുന്നതൊന്നും ആരോഗ്യകരമല്ല.
നല്ല ചര്‍ച്ച പ്രതീക്ഷിക്കുന്നു.
ഭരണഘടനാനിയമങ്ങളിലും വകുപ്പുകളിലും അവയുടെ സാങ്കേതികതകളിലും ശരാശരി ജ്ഞാനം പോലും ഇല്ലെങ്കിലും, ഇതു വായിച്ചപ്പോള്‍ കാര്യങ്ങള്‍ സുവ്യക്തമായി എന്ന് അറിയിക്കട്ടെ.
നന്ദി.
അഭിവാദ്യങ്ങളോടെ
nandi.....good one
ഈ വിഷയത്തില്‍ ഇത്ര ആധികാരികമായി പ്രതിപാദിയ്ക്കുന്ന മറ്റൊരു പോസ്റ്റോ ലേഖനമോ കണ്ടതായി ഓര്‍ക്കുന്നില്ല.
പക്ഷേ പാര്‍ലമെന്റിന്റെ അംഗീകാരം എന്ന കടമ്പ പക്ഷെ മറികടക്കുവാന്‍ ഭരണകക്ഷിയ്ക്ക് പ്രയാസമുണ്ടാവുമെന്നു കരുതുന്നില്ല. അല്ലെങ്കില്‍ മൂന്നില്‍ രണ്ടു ഭൂരിപക്ഷം വേണം എന്നൊക്കെയാക്കെണ്ടി വേണ്ടിവരും. അതെന്തായാലും കക്ഷിരാഷ്ട്രീയ താത്പര്യങ്ങള്‍ക്കു വേണ്ടി രാജ്യതാത്പര്യങ്ങള്‍ ബലികഴിയ്ക്കപ്പെടാനുള്ള സാധ്യത നിലനില്ക്കുന്നു.
ചുരുക്കത്തില്‍ പാര്ലമെറ്റ്നിന്റെ അംഗീകാരം എന്നത് സാങ്കേതികമായ കടമ്പമാത്രമാകുന്നു, ജനാധിപത്യത്തിന്റെ അംഗീകാരമെന്ന ഭരണഘടന വിഭാവനം ചെയ്യുന്ന തലത്തിലേയ്ക്ക് എത്തുന്നുമില്ല.
Post a Comment