Tuesday, June 30, 2009

ഒരു ആത്മഹത്യാക്കുറിപ്പ്‌..?

(പ്രിയപ്പെട്ടവരില്ലാത്തതിനാല്‍ ഈ കത്ത്‌ ആരെയും സംബോധന ചെയ്തുള്ളതല്ല, ആര്‍ക്കും സ്വീകരിക്കാം.)

തനിയെ ആവുകയെന്നത്‌ ജീവിതത്തിലെ എറ്റവും വലിയ ആഘോഷമാണ്‌.
എന്നാല്‍ ആരും കൂട്ടിനില്ലതെ വന്നപ്പോള്‍ ആത്മഹത്യയെപ്പറ്റി ചിന്തിക്കുകയും അതിന്‌ ഫലപ്രദമായ ഒരു മാര്‍ഗ്ഗം തേടുകയുമായിരുന്നു ഞാന്‍.

മരിക്കുവാന്‍ തിരുമാനിച്ചു കഴിഞ്ഞപ്പോള്‍ എങ്ങനെ അത്‌ നടപ്പാക്കണമെന്നാലോചിച്ച്‌ ഉറങ്ങിയും ഉണര്‍ന്നുമിരിക്കുവാന്‍ തുടങ്ങിയിട്ട്‌ ഇന്ന് മൂന്നാമത്തെ ദിവസമാണ്‌. ആരോടെങ്കിലും ചോദിക്കാം എന്നു വച്ചാല്‍ ആരുണ്ടായിട്ടാണ്‌? എല്ലാവരും തിരക്കിലും അവരവരുടെ കാര്യങ്ങളില്‍ വ്യാപൃതരുമാണ്‌.ഇവരൊന്നും എന്താണാവോ ആരുമില്ലല്ലോ ഒരു കൂട്ടിന്‌ എന്നു ചിന്തിക്കാത്തത്‌? ഇന്റെര്‍ നെറ്റില്‍ തെരയാമെന്നു വച്ചാല്‍ ഈ വിഷയത്തില്‍ മാത്രം ഒരു വെബ്‌ സൈറ്റ്‌ ഇല്ലത്രെ! പിന്നെ മഹാന്മാരുടെ ആത്മഹത്യകള്‍ ഉണ്ട്‌, അവ പരിഗണിയ്ക്കുവാനും മാത്രം മഹത്വമൊന്നും എനിയ്ക്കില്ലല്ലോ.

ഏറ്റവും അവസാനത്തെ കൂട്ട്‌ എന്റെ ഭാര്യ ആയിരുന്നു. ഇന്നവളും മറ്റ്‌ എന്തിലൊക്കെയോ സദാ വ്യാപൃതയാണ്‌. സാധാരണ ലഭിക്കാറുള്ള പുലര്‍കാലത്തെ കട്ടന്‍ കാപ്പി പോലും ഇപ്പോള്‍ തനിയെ ഉണ്ടാക്കണം. അതിനര്‍ത്ഥം ഈ കൂട്ടും നഷ്ടപ്പെട്ടിരിക്കുന്നു എന്നു തന്നെ.

ഒരു പാട്‌ കൂട്ടുകാരുണ്ടായിരുന്നു. ഒരു സാമൂഹിക ബോധമുള്ള സജീവ വ്യക്തി എന്ന നിലയില്‍ പരമാവധി ബന്ധങ്ങളും സൗഹൃദങ്ങളും ഉണ്ടാക്കിക്കൊണ്ടിരുന്നു. എല്ലാവരെയും ഉള്‍ക്കൊള്ളുവാനും അവരില്‍ പലര്‍ക്കും ഒരു നേരമെങ്കിലും ആഹാരം വിളമ്പിക്കൊടുക്കുവാന്‍ അമ്മ ഉണ്ടായിരുന്നപ്പോള്‍....

അമ്മ...
ആദ്യമായി വേര്‍പിരിഞ്ഞ കൂട്ട്‌....
അമ്മയുള്ളപ്പോഴാണ്‌ നമുക്ക്‌ ജീവിതത്തിലെ സുപ്രധാനമായ കൂട്ട്‌ ഉണ്ടാവുന്നത്‌. നമ്മള്‍ അറിയാതെ ആ സ്നേഹസ്വാധീനം നമ്മുടെ ഒപ്പമുണ്ടാവും. എല്ലാ കൂട്ടുകെട്ടുകള്‍ക്കും മുകളില്‍ സ്നേഹത്തിന്റെ ഒരു ചന്ദന ഗന്ധം അമ്മ തൂവിക്കൊണ്ടിരിക്കും. വിളക്കു കൊളുത്തി, നാമം ജപിച്ച്‌, ക്ഷേത്രത്തില്‍ പോയി, ഭക്ഷണം വിളമ്പി, അലക്കിയ, നല്ല വസ്ത്രങ്ങള്‍ തിരഞ്ഞ്‌ തന്ന്,തല്ലി, വഴക്കു പറഞ്ഞ്‌, പഠിക്കുവാനും വായിക്കുവാനും ഉള്ള പുസ്തകങ്ങള്‍ മുന്നില്‍ വച്ച്‌ അമ്മ ഏറ്റവും വലിയ കൂട്ട്‌ ആയിക്കൊണ്ടേയിരിക്കും.ആര്‍ക്കും കാണുവാന്‍ കഴിയാതിരുന്ന അവരുടെ സാന്നിദ്ധ്യം എന്നില്‍ ആദ്യം തിരിച്ചറിഞ്ഞത്‌ ഇന്നെന്റെ ഭാര്യയായിക്കഴിഞ്ഞ കാമുകി ആയിരുന്നു എന്നും ഞാന്‍ ഓര്‍ക്കുന്നു.
"ഏട്ടനെന്താ എപ്പോഴും അമ്മയുടെ ചൊല്‍പ്പടിയ്ക്കാണോ,,,? ആണുങ്ങള്‍ ഇങ്ങനെയൊന്നും അല്ലല്ലോ..??"ഇതായിരുന്നു അവളുടെ കണ്ടെത്തലും നിര്‍ദ്ദേശവും!

ഞാന്‍ കുടിച്ച മുലപ്പാലിന്റെ രുചി ആദ്യമായി സുഖമുള്ളതാവാതെ വന്നത്‌ അപ്പോഴാണ്‌. ആണുങ്ങള്‍ അമ്മമാരെ സ്നേഹിക്കാറില്ല്ലെന്നോ? ഒരു അമ്മയായിത്തീരേണ്ടവള്‍ ഇങ്ങനെ പറയുമ്പോള്‍ എങ്ങനെ നിഷേധിക്കും..? വികാരങ്ങള്‍ക്ക്‌ വിചാരങ്ങളെക്കാള്‍ സ്വാധീനമുണ്ടായിരുന്ന കാലമായതിനാല്‍ അതേപ്പറ്റി അധികം ചിന്തിക്കുവാനൊന്നും പോയില്ല.

അന്ന് തന്നെ അമ്മയോട്‌ ഇക്കാര്യം അല്‍പം പരിഷ്കരിച്ച്‌ (എല്ലാവരോടും പോളിഷ്ഡ്‌ ആയി സംസാരിക്കണമെന്ന് എന്റെ കാമുകി എപ്പോഴും പറയുമായിരുന്നു) ചോദിച്ചു. "അമ്മയെന്തിനാ എപ്പോഴും ടെന്‍ഷന്‍ അടിയ്ക്കുന്നത്‌? എവിടെപ്പോയാലും എപ്പഴാ വരുന്നെ, എവിടാ എന്നൊക്കെ ഫോണ്‍ ചെയ്തു കൊണ്ടേയിരിക്കും, എന്തിനാ..?"
മറുപടി മൗനമായപ്പോള്‍, അമ്മയ്ക്കുള്ള ഒരേയൊരു കൂട്ട്‌ ഇല്ലാതായിക്കൊണ്ടിരിക്കുകയാണെന്ന് അന്നെനിക്കു മനസ്സിലായില്ല.

ആത്മഹത്യയെപ്പറ്റി അമ്മ സംസാരിച്ചപ്പോള്‍ എന്റെ ചിരി അമ്മയെ കൂടുതല്‍ വേദനിപ്പിച്ചിരിക്കാം. ഏതായാലും അമ്മയോടുള്ള കൂട്ടിന്‌ അവസാനമായത്‌ ഞാന്‍ ഇഷ്ടപ്പെട്ട പെണ്‍കുട്ടിയെ വീട്ടില്‍ കൂട്ടിക്കൊണ്ടു വന്നപ്പോഴാണ്‌.അതൊരു വിവാഹമായിരുന്നു എന്ന് അമ്മയ്ക്ക്‌ മനസ്സിലായിട്ടേയില്ല.
എന്റെ വിവാഹം ആരുമായി വേണമെങ്കിലും നടത്തിത്തരുവാന്‍ അമ്മ തയ്യാറായിരുന്നു.വിവാഹമെന്നൊക്കെയുള്ള ആചാരങ്ങള്‍ മനുഷ്യന്‌ സംഭവിച്ചു പോയ അബദ്ധങ്ങളാണ്‌ എന്ന് ഞാന്‍ പറഞ്ഞു. അനാചാരങ്ങള്‍ നമ്മള്‍ ഉപേക്ഷിക്കണം. ഒരുമിച്ച്‌ താമസിക്കുകയും ദാമ്പത്യം പുലര്‍ത്തുകയെന്നതുമൊക്കെ ഏതൊരു ജീവിയും ചെയ്യുന്ന ചില കര്‍ത്തവ്യങ്ങള്‍ മാത്രം. അതിന്‌ ഈശ്വരന്‍ എന്നൊരു ഇടനിലക്കാരനെ എന്തിനു വയ്ക്കണം?

അമ്മയ്ക്ക്‌ ഒന്നും മനസ്സിലായില്ലെന്ന് എനിക്കു മനസ്സിലായില്ല. എല്ലാം മനസ്സിലായെന്നുള്ള ഭാവമായിരുന്നുവല്ലോ ആ മുഖത്ത്‌.!

ഭാര്യ എന്ന കൂട്ട്‌ സ്വാതന്ത്ര്യങ്ങള്‍ക്ക്‌ മേല്‍ നുകം വച്ച്‌ കെട്ടി, ഉഴവുകാളയെപ്പോലെ എന്റെ ജീവിതത്തെ നയിക്കുന്നതും, വൈകുന്നേരം അഞ്ചരമണിയോടെ നല്‍കി വിട്ട ലിസ്റ്റനുസരിച്ചുള്ള വീട്ടു സാധനങ്ങള്‍ വാങ്ങി വീട്ടിലേക്കുള്‍വലിയുന്ന എന്നില്‍ നിന്ന് കൂട്ടുകാര്‍ ഓരോന്നായി കൊഴിഞ്ഞു തുടങ്ങിയതും ഞാന്‍ ശ്രദ്ധിച്ചില്ല. ദിവസേന ജോലിത്തിരക്കിലായതു കൊണ്ട്‌ അമ്മയുടെ മുറിയിലെ കിടക്കവിരി മാറ്റാറായതും ഞാന്‍ അറിഞ്ഞില്ല. അത്‌ ഭാര്യ നോക്കിക്കോളും എന്നായിരുന്നു എന്റെ വിചാരം. അവര്‍ തമ്മിലുള്ള കൂട്ട്‌ അത്തരമൊരു തലത്തിലേക്ക്‌ എത്തിയിട്ടുണ്ടാവുമെന്ന് ഞാന്‍ വിശ്വസിച്ചു.

ഹരിയാണ്‌ എന്നെ കാണുവാന്‍ വീട്ടില്‍ വന്ന അവസാനത്തെ കൂട്ടുകാരന്‍. മൂന്നാം ക്ലാസു മുതല്‍ ഞങ്ങള്‍ കൂട്ടുകാരാണ്‌. 'നിനക്ക്‌ എന്തു പറ്റി? ആകെ മാറിപ്പോയിരിക്കുന്നുവല്ലോ..?ഇപ്പോള്‍ എന്താ രാഷ്ട്രീയമൊക്കെ നിര്‍ത്തിയത്‌?പഴയതു പോലെ ഷട്ടില്‍ കളിയ്ക്കുവാനും വരുന്നില്ല?വല്ലപ്പോഴും ഒരു ബിയര്‍ വാങ്ങിത്തരാറുള്ളതല്ലേ, നീ? നിനക്ക്‌ ഇതെന്താ പറ്റിയത്‌?'

ഈ ചോദ്യങ്ങള്‍ ഒരു കൂട്ടുകെട്ടിന്റെ അവസാന വാക്കുകളായി നിങ്ങള്‍ക്ക്‌ തോന്നിയോ?ഇല്ലെങ്കില്‍ എനിക്കതു തോന്നി. അതു ശരിയായിരുന്നു. വിവാഹം ക്ഷണിയ്ക്കുവാന്‍ വന്നതായിരുന്നു അവന്‍. ഇപ്പോള്‍ അവനും ഇല്ലാതായിരിക്കുന്നു. അവന്റെ വിവാഹത്തിനു പങ്കെടുക്കുവാന്‍ പറ്റാതിരുന്നത്‌ എന്നെ വേദനിപ്പിച്ചോ? ഓ ഇല്ല, അവന്‍ ചോദിച്ചാല്‍ പറയുവാന്‍ കാരണം ഉണ്ടായിരുന്നു, പക്ഷേ അവന്‍ ചോദിച്ചില്ല. എന്റെ ഭാര്യയുടെ മുത്തശ്ശന്റെ അടിയന്തിരം അന്നായിരുന്നുവല്ലോ.

അഞ്ചര മണിയ്ക്ക്‌ വീട്ടില്‍ എത്തണമെന്നത്‌ ഭാര്യയുടെ നിര്‍ദ്ദേശമായിരുന്നു. കുടുംബം നിലനിര്‍ത്തണമെങ്കില്‍ ഇങ്ങനെയുള്ള ചില നിലപാടുകളെ നിരുപാധികം പിന്തുണയ്ക്കണമെന്ന് ഞാന്‍ നേരത്തെ മനസ്സിലാക്കിയിരുന്നു. ഗാര്‍ഹിക പീഡന നിയമം വന്നതാണ്‌ ഈ വിശ്വാസത്തെ ഉറപ്പിച്ചത്‌. ആണുങ്ങള്‍ വിവാഹം വേണ്ടെന്നു വയ്കുക എന്നതാണ്‌ ഈ നിയമത്തിന്റെ ലക്ഷ്യമെന്ന് ആരോ പറയുന്നത്‌ കേട്ടിട്ടുണ്ട്‌.

അമ്മയ്ക്കും ഞാന്‍ നേരത്തെ വീട്ടില്‍ എത്തണമെന്നതായിരുന്നുവല്ലോ ആഗ്രഹം. അന്നൊന്നും അതു പോലെ ചെയ്യുവാന്‍ എനിക്ക്‌ സാധിച്ചിരുന്നില്ല. അത്താഴം മൂടിവച്ച്‌ ഉറങ്ങുവാന്‍ കിടക്കുന്ന അമ്മയെ എത്രയോ തവണ ഞാന്‍ വിളിച്ച്‌ എഴുന്നേല്‍പ്പിച്ചിരിക്കുന്നു.
'നേരത്തെ കാലത്തെ വന്ന് വല്ലോം കഴിച്ച്‌ കിടക്കാനുള്ളതിന്‌ വന്നിരിക്കുവാ അവന്‍, നായ നടന്നാല്‍ കാര്യോമില്ല, നായ്ക്കൊട്ടിരിക്കാന്‍ നേരോമില്ല!' എന്നൊക്കെ മാത്രം പറയാറുള്ള അമ്മയുടെ ശാസനയ്ക്ക്‌ ഒരു മധുരമുണ്ടായിരുന്നു.ഒരു പൊതുപ്രവര്‍ത്തകനു ചേരുന്നവിശേഷണമാണല്ലോ കേള്‍ക്കുന്നതെന്ന് പലപ്പോഴും ഓര്‍ക്കാറുമുണ്ട്‌.

പിന്നീട്‌ ഞങ്ങള്‍ക്ക്‌ ഒരു കുട്ടി പിറന്നതിന്റെ ആറാം മാസത്തില്‍ അവള്‍ മുലയൂട്ട്‌ നിര്‍ത്തിയപ്പോള്‍ അമ്മ ശബ്ദമുയര്‍ത്തിയോ? ഇല്ല, ഞാന്‍ അങ്ങനെ വിശ്വസിക്കുന്നില്ല. എനിക്കിന്നും മുലപ്പാലിന്റെ രുചി ഓര്‍മ്മ വരുവാന്‍ കാരണം എനിക്ക്‌ ഓര്‍മ്മ വന്ന നാള്‍ വരെ അതു കിട്ടിയതു കൊണ്ടാണല്ലോ. ദിവസവും രാത്രി കിടക്കുന്നതിനു മുന്‍പ്‌ നിപ്പിള്‍ കുപ്പിയില്‍ പാല്‍ നിറച്ച്‌ കുട്ടിയ്ക്ക്‌ കൊടുത്തതിനു ശേഷം സ്വകാര്യ മുറിയിലെ വാഷ്‌ ബേസിനില്‍ മുലകള്‍ പിഴിഞ്ഞു കളയുന്ന ഭാര്യയുടെ നീക്കം എന്നെ അതിശയിപ്പിച്ചു.

'നിങ്ങടെ അമ്മയുടെ വിചാരം ഞാന്‍ എന്നും കൊച്ചിനു പാല്‍ കൊടുത്തു കൊണ്ടിരിക്കുമെന്നാ..'

എന്തിനാണത്‌ പിഴിഞ്ഞു കളഞ്ഞിട്ട്‌ എന്റെ അടുത്ത്‌ വരുന്നത്‌, ഞാന്‍ നുണയുമ്പോള്‍ എനിക്കു കിട്ടുമായിരുന്നുവല്ലോ, എന്ന തമാശ നിറഞ്ഞ ചോദ്യത്തിന്‌ അവള്‍ക്ക്‌ ഉത്തരമില്ലായിരുന്നു. അവളുടെ ഓഫീസിലെ രണ്ട്‌ ആന്റിമാര്‍ ഇങ്ങനെ ആയിരുന്നു..അവരിപ്പോഴും സുന്ദരിമാരായിരിക്കുന്നത്‌ അതു കൊണ്ടാണത്രെ.

'സൗന്ദര്യമോ?'ഞാനത്ഭുതപ്പെട്ടു.'സൗന്ദര്യം നോക്കിയാണ്‌ നിന്നെ ഞാന്‍ കെട്ടിയതെന്ന് നിനക്ക്‌ തോന്നുന്നുവോ?'

'പിന്നല്ലാതെ,? എന്തൊക്കെ പറഞ്ഞാലും ഏതു ജാതിയിലും മതത്തിലും വിശ്വാസമില്ലേലും എനിക്ക്‌ ചന്തമില്ലാരുന്നേല്‍ നിങ്ങള്‍ എന്നെ കെട്ടുമായിരുന്നോ?'
എന്റെ നിലപാടുകള്‍ ഒരു പടുകുഴിയിലേക്ക്‌ വീണ്‌ വീണ്ടും വീണ്ടും താഴേക്ക്‌ പോകുന്നത്‌ ഞാന്‍ അറിഞ്ഞു.ഒരു കൂട്ടിന്റെ കൂടി അന്ത്യം കുറിയ്ക്കുന്ന വാക്കുകള്‍ ഞാന്‍ കേട്ടു.

ഒരു ദിവസം രാവിലെ ഞാന്‍ ജോലിസ്ഥലത്തെത്തിക്കഴിഞ്ഞാണ്‌ അമ്മ മരിച്ച വിവരം അവള്‍ ഫോണില്‍ വിളിച്ചു പറഞ്ഞത്‌. കിടക്കയില്‍ ഉറങ്ങാന്‍ കിടന്ന പടി കിടക്കുകയായിരുന്നു. തലേന്ന് പനിയുണ്ടെന്ന് അമ്മ പറഞ്ഞിരുന്നുവെന്നും തിരക്കിനിടയില്‍ അവള്‍ അത്‌ എന്നോട്‌ പറയുവാന്‍ വിട്ടു പോയെന്നും പറഞ്ഞത്‌ ഞാന്‍ ശ്രദ്ധിച്ചില്ല.

അമ്മയുടെ മരണത്തില്‍ ഒന്നു പൊട്ടിക്കരയുവാന്‍ പോലും ഞാന്‍ തയ്യാറാവാതിരുന്നത്‌ ഒരു വികാരജീവിയായി അറിയപ്പെടാതിരിക്കുവാനുള്ള വ്യഗ്രത മൂലമാണ്‌. എന്തോ കാരണമാകട്ടെ അമ്മയുടെ ശവദാഹത്തിനെത്തിയവര്‍ എത്രയും വേഗം വീട്ടില്‍ നിന്ന് യാത്രയായി.

തനിയെ ആവുക എന്ന ആഘോഷത്തിലേക്ക്‌ അമ്മ എന്നെ തള്ളി വിട്ടു കളഞ്ഞത്‌ അന്നാണ്‌..

ഓ..ആത്മഹത്യാക്കുറിപ്പ്‌ അല്‍പ്പം നീണ്ടു അല്ലേ..?മരിക്കുന്നതിനുള്ള മാര്‍ഗ്ഗം പോലും നിശ്ചയമായില്ല.എങ്കിലും ഈ ആത്മഹത്യാക്കുറിപ്പ്‌ നിങ്ങള്‍ക്കെല്ലാവര്‍ക്കും വേണ്ടി എഴുതി വയ്ക്കുകയാണ്‌.ഇതു വായിക്കുന്നവരെങ്കിലും ആത്മഹത്യയിലേക്ക്‌ നയിക്കുന്ന ഒരു ജീവിതത്തിനു തയ്യാറാവരുത്‌!

വിഷം കഴിച്ച്‌ ആത്മഹത്യ ചെയ്യുവാനാണ്‌ ഇപ്പോള്‍ എന്റെ തീരുമാനം. ആദ്യം ലഹരിയില്‍ മുങ്ങി, എല്ലാം മറന്ന്, മയങ്ങി, ബോധം നഷ്ടപ്പെട്ട്‌, ആഴ്‌ന്ന് പോകണം. ഒരിക്കലും തിരികെ വരാത്ത വിധത്തില്‍..

അടുക്കളയില്‍ അമ്മ വാങ്ങി വച്ച കീടനാശിനി ഉണ്ടാവണം. ഞാന്‍ അങ്ങോട്ട്‌ നീങ്ങാം. ഈ കുറിപ്പ്‌ കൈയില്‍ കിട്ടുന്ന നിങ്ങള്‍ അത്‌ പത്രങ്ങളില്‍ പ്രസിദ്ധീകരിക്കണം.അതാണ്‌ എന്റെ അന്ത്യാഭിലാഷം!
എനിക്ക്‌ യാത്ര പറയുവാന്‍ നിങ്ങള്‍ വായനക്കാര്‍ മാത്രമേയുള്ളൂ.
പിന്നെ ഉള്ളത്‌ എന്റെ മകളാണ്‌. മൂന്നു വയസ്സ്‌..
...............
..............
..............

മകള്‍ എന്ന് എഴുതിക്കഴിഞ്ഞപ്പോള്‍
എന്റെ നിറഞ്ഞ കണ്ണുകള്‍ എഴുത്ത്‌ തടഞ്ഞു....

മണിക്കൂറുകള്‍ അങ്ങനെ കഴിഞ്ഞു പോയിരിക്കുന്നു.
ഇപ്പോള്‍ വീണ്ടും എഴുതുന്നു..

മകള്‍..

അച്ഛാ എന്ന വിളിയില്‍ക്കൂടി ഉറപ്പിക്കപ്പെടുന്ന ആ സ്നേഹക്കൊഞ്ചലില്‍ ഒരു പുതിയ കൂട്ട്‌ ഞാന്‍ കാണുന്നു...അതെന്റെ ചിന്തകളെ മാറ്റി മറിക്കുന്നു.....

ജീവിച്ചാലോ...?

സ്നേഹപൂര്‍വ്വം ,
രാമചന്ദ്രന്‍.

അടിക്കുറിപ്പ്‌: ഇനിയും മരിക്കാത്തതിനാല്‍ ഈ കുറിപ്പിനെ ആത്മഹത്യാക്കുറിപ്പ്‌ എന്ന് വിളിക്കാമോ? എന്നെങ്കിലും മരിക്കുന്നു എങ്കില്‍ ഇതെന്റെ അത്മഹത്യാക്കുറിപ്പായി കരുതുവാന്‍ അപേക്ഷ. ഇതു നിങ്ങള്‍ക്ക്‌ സമര്‍പ്പിക്കുന്നു.
-------------------------------------------------------------------------------------
പുഴ.കോം നടത്തിയ ചെറുകഥാ മത്സരത്തില്‍ ഇരുന്നൂറിലേറെ കഥകളില്‍ നിന്ന് നാലാം സ്ഥാനം നേടിയ കഥ. ‘പുഴ പറഞ്ഞ കഥ’ എന്ന പേരില്‍ പുഴ.കോം പുറത്തിറക്കിയ കഥാ സമാഹാരത്തില്‍ ചേര്‍ത്ത് പ്രസിദ്ധീകരിച്ചത്.

2 comments:

Rani Ajay said...

നല്ല ഒരു കഥ,നല്ല അവതരണം ... പുഴ.കോം ഇല്‍ ഇതു വായിച്ചിരുന്നു . അഭിനന്ദനങ്ങള്‍ നാലാം സ്ഥാനം നേടിയതില്‍

ramanika said...

nannayi avatharanam !
congrats for winning prize!